യുകെയിലെ നാല് പ്രമുഖ മോട്ടോര്‍വേകളില്‍ സ്പീഡ് ലിമിറ്റുകള്‍ പുതുക്കി. മണിക്കൂറില്‍ 60 മൈല്‍ എന്ന രീതിയിലേക്കാണ് ഇപ്പോള്‍ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകള്‍ സുരക്ഷിതമാക്കുവാനും, അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് ഈ പുതിയ മാറ്റങ്ങള്‍. ഇതോടൊപ്പം തന്നെ ഷെഫീല്‍ഡിനും റോതര്‍ഹാമിനും സമീപം ജംഗ്ഷന്‍ 33 നും 34 നും ഇടയില്‍ M1 ന്റെ വടക്കുഭാഗത്തായി ഒരു ക്യാമറ പുതിയതായി സ്ഥാപിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നും മാത്രം പ്രതിദിനം 8000 പൗണ്ടാണ് പിഴയായി സര്‍ക്കാരിന് ലഭിച്ചത്.
സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസിന്റെ കണക്കുകള്‍ പ്രകാരം, M1 ന്റെ 2.6 മൈല്‍ വരുന്ന ചെറിയ ഭാഗത്ത് മാത്രം അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് 22,000-ത്തിലധികം ഡ്രൈവര്‍മാര്‍ക്കാണ് പിഴലഭിച്ചതെന്ന് വ്യക്തമാക്കുന്നു. M1 ല്‍ മാത്രമല്ല, മറിച്ച് M5, M6, M602 എന്നിവിടങ്ങളിലും വേഗത 60 മൈലായി കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വേഗത കുറച്ചുള്ള ഡ്രൈവിംഗ് കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്.
തങ്ങള്‍ ശേഖരിച്ച വന്‍തോതിലുള്ള ഡേറ്റയുടെ വിശകലനം നടന്നുവരികയാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍തന്നെ പുറത്തിറക്കുമെന്നും നാഷണല്‍ ഹൈവേസ് ഡയറക്ടര്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സസ്റ്റൈനബിലിറ്റി സ്റ്റീഫന്‍ എല്‍ഡര്‍കിന്‍ പറഞ്ഞു. ഇത്തരം ഫൈനുകളില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നത്. റോഡിലൂടെ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാകുമെന്നും, അതിനാല്‍ ഇത്തരം ഫൈനുകള്‍ അത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കും എന്നും ഗവണ്‍മെന്റ് വക്താവ് വ്യക്തമാക്കി. 900 മില്യണ്‍ പൗണ്ടോളം റോഡുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.