യു.കെ.വാര്‍ത്തകള്‍

യുകെ മലയാളികളെ ഞെട്ടിച്ചു രണ്ടു ദിവസത്തിനിടെ 4 കാന്‍സര്‍ മരണം; ഇപ്‌സ്‌വിച്ചില്‍ വിടപറഞ്ഞത് കോട്ടയം സ്വദേശി ബിനുമോന്‍

യുകെ മലയാളികളെ നടുക്കി രണ്ടു ദിവസത്തിനിടെ കാന്‍സര്‍ ബാധിച്ചു മരണപ്പെട്ടത് നാല് പേര്‍. ഏറ്റവും ഒടുവില്‍ ഇപ്‌സ്‌വിച്ചില്‍ കോട്ടയം പൊന്‍കുന്നം സ്വദേശി ബിനുമോന്‍ ആണ് മരണപ്പെട്ടത്. മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ ജോമോള്‍ ജോസും വാറിംഗ്ടണിലെ മെറീന ബാബുവും മരിച്ചതിനു പിന്നാലെയാണ് ഇന്നലെ ഇപ്‌സ്‌വിച്ചിലെ ബിനു മഠത്തില്‍ചിറയിലും പ്രിയപെട്ടവരെ വിട്ടു യാത്രയായിരിക്കുന്നത്. ഐടി എന്‍ജിനിയര്‍ ആയിരുന്ന രാഹുലും നഴ്‌സ് ആയിരുന്ന ജോമോളും പോയതിനൊപ്പമാണ് നഴ്സിങ് വിദ്യാര്‍ത്ഥിനി ആയിരുന്ന മെറീനയും നാട്ടില്‍ നഴ്‌സ് ആയിരുന്ന ബിനുമോന്‍ മഠത്തില്‍ചിറയിലും രണ്ടു ദിവസത്തിനിടെയാണ് കാന്‍സറിനു കീഴടങ്ങിയത്.


കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ രോഗ വിവരം കൃത്യമായി ബിനുവിനോട് പറഞ്ഞിരുന്നതിനാല്‍ എത്രയും വേഗം ജന്മനാടായ കോട്ടയത്തേക്ക് എത്തണം എന്ന ആഗ്രഹമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. സുഖമില്ലാത്ത കുഞ്ഞുമായി ബിനുവിന്റെ ഭാര്യയ്ക്ക് യാത്ര ചെയ്യാന്‍ ഉള്ള പ്രയാസം കണക്കിലെടുത്തു കുടുംബത്തിന്റെ പ്രിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ രണ്ടു പേര്‍ കൂടി ഇവര്‍ക്കൊപ്പം യാത്ര ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നതാണ്.

എന്നാല്‍ യാത്ര പുറപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പാണ് ബിനുവിന്റെ രോഗനില വഷളയതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും. തിരികെ വീട്ടിലേക്ക് മടങ്ങാനാകാതെ ബിനുവിന്റെ ജീവന്‍ പൊലിഞ്ഞു. ഏറെ നാളുകളായി യുകെയില്‍ ഉള്ള കുടുംബം ഏതാനും വര്‍ഷം മുന്‍പാണ് ഇപ്‌സ്‌വിച്ചില്‍ താമസം മാറിയെത്തുന്നത്. ബിനുവിന്റെ അസുഖ വിവരം അറിഞ്ഞ് ലണ്ടനിലും കാനഡയിലുമുള്ള സഹോദരങ്ങള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇരുവരുടേയും സാന്നിധ്യത്തിലാണ് ബിനു മരണത്തിനു കീഴടങ്ങിയതും. സഹോദരങ്ങള്‍ ഇരുവരും ഇവിടെയുള്ളതിനാല്‍ തന്നെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.


17 വര്‍ഷം മുന്‍പ് 2007ലാണ് ബിനുവും കുടുംബവും യുകെയില്‍ എത്തിയത്. എങ്കിലും സ്വന്തമായി വീടോ അനുബന്ധ സൗകര്യങ്ങളോ ഒന്നും തന്നെ ഈ കുടുംബത്തിനുണ്ടായില്ല. ബിനുവിന്റെയും ജ്യോതിയുടെയും കുടുംബ പ്രാരാബ്ധങ്ങളും കാന്‍സര്‍ ബാധിതരായിരുന്ന അമ്മമാരുടെ ചികിത്സയ്ക്കും ഏക ആശ്രയം ഈ കുടുംബം ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഐവിഫ് ട്രീറ്റ്‌മെന്റിലൂടെ ജനിച്ച മകന് ചില വൈകല്യങ്ങളുള്ളതുകൊണ്ട് ബിനുവിന്റെ ഭാര്യക്ക് എട്ടു വര്‍ഷത്തോളമായി ജോലിക്ക് പോകുവാനും കഴിഞ്ഞിരുന്നില്ല. ബിനുവിന്റെ ഏക പരിശ്രമത്തിലൂടെ കുടുംബം മുന്നോട്ടു പോകവേയാണ് കാന്‍സര്‍ ബാധിച്ചത്.


2021 ജൂലൈയിലാണ് ബിനുവിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇപ്‌സ്വിച്ച് ഹോസ്പിറ്റലില്‍ വിദഗ്ധ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു. അവിടെ നടത്തിയ പരിശോധനകളിലാണ് പാന്‍ക്രിയാസിനു സമീപം ട്യൂമര്‍ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകളില്‍ കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. ട്യൂമറിന്റെ വലിപ്പം കുറയാതെ സര്‍ജറി ചെയ്യാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കൃത്യമായ ഇടവേളകളില്‍ കീമോതെറാപ്പി ചെയ്തിട്ടും കാര്യമായ പുരോഗതി കൈവരിക്കാനോ റേഡിയേഷന്‍, സര്‍ജറി തുടങ്ങിയ തുടര്‍ ചികിത്സകളിലേക്ക് നീങ്ങുവാനും കഴിഞ്ഞില്ല. അതിനിടെ വയറിനുള്ളില്‍ വെള്ളം നിറയുന്ന അവസ്ഥയും വന്നതോടെ ബിനുവിനെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്ററില്‍ കുടുംബസമേതം താമസിക്കുകയായിരുന്ന ഐടി എഞ്ചിനീയര്‍ രാഹുലാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു രാഹുല്‍. കവന്‍ട്രിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.


എന്നാല്‍, കഴിഞ്ഞ മാസം രോഗം ഗുരുതരമാവുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. അതിനു ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് മരണം സംഭവിച്ചത്. മാഞ്ചസ്റ്ററിലെ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജോണ്‍സി രാഹുലാണ് ഭാര്യ. 2021ലാണ് ഇവര്‍ യുകെയില്‍ എത്തിയത്. ഇവര്‍ക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്, ജോഹാഷ് എന്നാണ് പേര്.


ജോണ്‍സിയും രാഹുലും ജനിച്ചു വളര്‍ന്നതെല്ലാം ഛത്തീസ്ഗഡിലാണ്. ഇരുവരുടെയും മാതാപിതാക്കളും അവിടെയാണ്. അടുത്തിടെയാണ് രാഹുലിന്റെ പിതാവും സഹോദരിയും രാഹുലിനെ കാണാനായി മാഞ്ചസ്റ്ററിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനാല്‍ രാഹുലിന്റെ മാതാവിന് വരാനായില്ല. അതുകൊണ്ടു തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.

രണ്ടാമത്തെ വിയോഗം വിസ്റ്റണിലെ മലയാളി നഴ്‌സായ ജോമോള്‍ ജോസിന്റേ(55)താണ്. വിസ്റ്റോണ്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ജോമോള്‍ വിസ്റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ചാണ് മരണപ്പെട്ടത്. ജോമോള്‍ കാന്‍സര്‍ ബാധിച്ചു കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു. ജോസ് അബ്രാഹമാണ് ഭര്‍ത്താവ്. മൂന്നു മക്കളുമുണ്ട്. നാട്ടില്‍ കുറുമുളൂര്‍ പൂത്തറയില്‍ പരേതനായ മാത്യുവിന്റെ മകളാണ്.


വാറിംഗ്ടണിലെ ബാബു മാമ്പിള്ളിയുടെയും ലൈജു ബാബു മാമ്പിള്ളിയുടെയും മകളായ മെറീന ബാബു(20)വാണ് അകാലത്തില്‍ പൊലിഞ്ഞ മറ്റൊരാള്‍. മെറീന മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു.

വാറിംഗ്ടണില്‍ താമസമാക്കിയിരിക്കുന്ന ബാബു മാമ്പള്ളി, ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകള്‍ ആണ് മെറീന ബാബു. ബ്ലഡ് കാന്‍സറിനെത്തുടര്‍ന്ന് റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം വര്‍ഷ നേഴ്‌സിംങ് വിദ്യാര്‍ത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെര്‍ലിന്‍ വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

വാറിംഗ്ടണിലെ സെന്റ് ഹെലന്‍ ഹോളി ക്രോസ് ചര്‍ച്ച് ഇടവാകാംഗമാണ് മെറീന ബാബുവിന്റെ കുടുംബം.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions