ചെങ്കടല്‍ സംഘര്‍ഷം: ബ്രിട്ടനിലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ധന
ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണം ബ്രിട്ടനിലെ വാഹന ഉടമകളുടെ നടുവൊടിച്ചു പെട്രോളിനും ഡീസലിനും വില കയറ്റുന്നു. ആര്‍ എ സിയുടെ കണക്കുകള്‍ പ്രകാരം പെട്രോളിന്റെ വില വര്‍ദ്ധിച്ച് 143.4 പെന്‍സ് ആയി. ഡീസലിന്റെ വില ലിറ്ററൊന്നിന് 152 പെന്‍സും ആയി. വാഹനമുടമകള്‍ക്ക് ആശങ്കയുളവാകുന്ന സമയം എന്നാണ് ഇതിനെ കുരിച്ച് ബ്രിട്ടീഷ് ഓട്ടോമേറ്റീവ് കമ്പനി പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി പെട്രോള്‍ കാര്‍ ഉടമകള്‍ക്ക് മേലുള്ള സാമ്പത്തിക ബാദ്ധ്യത കുറയുന്ന കാഴ്ച്ചയായിരുന്നു കണ്ടത്.
ലിറ്ററിന് 157 പെന്‍സ് ഉണ്ടായിരുന്ന വില ജനുവരി മദ്ധ്യത്തോടെ 140 പെന്‍സിലെത്തിയിരുന്നു. 2021 ഒക്ടോബറിന് ശേഷം ത്രെഷ്ഹോള്‍ഡിന് താഴേക്ക് വില കുറയുന്നത് അത് ആദ്യമായിട്ടായിരുന്നു. റഷ്യന്‍- യുക്രെയിന്‍ യുദ്ധം കാരണം കുതിച്ചുയര്‍ന്ന ഇന്ധനവിലകള്‍ പെട്ടെന്ന് താഴ്ന്നതായിരുന്നു കാരണം. വന്‍ വില നല്‍കി ഇന്ധനം നിറച്ചിരുന്ന കാലത്തിന് ശേഷമെത്തിയ ഈ വിലക്കുറവ് തീര്‍ച്ചയായും ഡ്രൈവര്‍മാര്‍ക്ക് ഒരു ആശ്വാസമായിരുന്നു.
ഇപ്പോഴുണ്ടായ വിലവര്‍ദ്ധനവിന് പ്രധാന കാരണമായിരിക്കുന്നത് മൊത്തവിപണിയിലെ വില വര്‍ദ്ധനവ് തന്നെയാണ്. കഴിഞ്ഞ ഏഴ് മാസക്കാലം താരതമ്യേന വിലക്കുറവുണ്ടായിരുന്ന അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ നാല്‍' മാസക്കാലമായി എണ്ണയുടെ വില ബാരലിന് 80 പൗണ്ടില്‍ തുടരുകയാണ്. അതിനൊപ്പം ചെങ്കടലിലെ ഹൂത്തി ആക്രമണം, കാരണം കപ്പലുകള്‍ക്ക് സൂയസ് കനാല്‍ ഒഴിവാക്കി ആഫ്രിക്കയിലെ പ്രത്യാശ മുനമ്പ് ചുറ്റി വളഞ്ഞ് വരേണ്ട സാഹചര്യം വരുത്തിയപ്പോള്‍ കടത്തു കൂലിയിലും സ്വാഭാവിക വര്‍ദ്ധനവ് വന്നു.
കപ്പല്‍ മാര്‍ഗ്ഗത്തില്‍ ഉണ്ടായ ഈ മാറ്റമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണമായി ആര്‍ എ സി ചൂണ്ടിക്കാട്ടുന്നത്. ഇത് വില വര്‍ദ്ധിക്കാന്‍ മാത്രമല്ല, വിതരണശൃംഖലയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യാശാ മുനമ്പ് ചുറ്റിയുള്ള യാത്ര ചെലവ് വര്‍ദ്ധിപ്പിക്കുകയും ഒപ്പം ചരക്കുകള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നത് വൈകിക്കുകയും ചെയ്യുന്നു. ഇത് ലോകമാകെ തന്നെ ഇന്ധന വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.
അതിനു പുറമെ റിഫൈനറികള്‍, അറ്റകുറ്റപ്പണികള്‍ക്കായി താത്ക്കാലികമായി അടച്ചു പൂട്ടിയതും ഇപ്പോഴത്തെ വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. റിഫൈനറികള്‍ അടച്ചു പൂട്ടിയത് വില വര്‍ദ്ധനവിന് മാത്രമല്ല, ഇന്ധന ദൗര്‍ലഭ്യത്തിനും വഴി തെളിച്ചിട്ടുണ്ട്. അതിനു പുറമെ അധിക സ്റ്റോക്ക് വാങ്ങുവാനുള്ള ചില്ലറവില്‍പനക്കാരുടെ ധൃതിയും വില വര്‍ദ്ധിപ്പിക്കാന്‍ ഇടയായി.