ഗാസാ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ലമെന്ററി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് തീവ്രവാദികള്‍ക്ക് അനുകൂലമായി സ്പീക്കര്‍ ലിന്‍ഡ്സേ ഹോയ്ല്‍ നിലപാടെടുത്തു എന്ന് ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി റിഷി സുനാകും ഒരു വിഭാഗം എംപിമാരും രംഗത്തെത്തി. ജനപ്രതിനിധി സഭയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 50 ല്‍ അധികം എം പിമാര്‍, സ്പീക്കര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്ധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയില്‍ സര്‍ കീര്‍ സ്റ്റാര്‍മറെ രക്ഷിക്കുവാന്‍ ജനപ്രതിനിധി സഭയുടെ ചട്ടങ്ങള്‍ വളച്ചൊടിച്ചു എന്ന് ആരോപണത്തില്‍ ഇന്നലെയും സര്‍ ലിന്‍ഡ്സേ ഒരു ക്ഷമാപണം നടത്തിയിരുന്നു. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വോട്ടിംഗ് സമയത്ത് പാര്‍ലമെന്ററി രീതികള്‍ ലംഘിച്ചതില്‍ ഖേദമുണ്ടെന്നായിരുന്നു ഇന്നലെ അദ്ദേഹം പറഞ്ഞത്.
എന്നാല്‍, വിഭാഗീയതയെക്കാള്‍, പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാരില്‍ നിന്നും എ പി മാര്‍ക്ക് സുരക്ഷയൊരുക്കുന്നതായിരുന്നു അത്തരമൊരു തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് മുന്‍ ലേബര്‍ എം പി പറഞ്ഞു. അതേസമയം, ലേബര്‍ നേതാവ്, വ്യക്തിപരമായി തന്നെ തങ്ങള്‍ മുന്‍പോട്ട് വെച്ച ഭേദഗതിക്കായി ലോബി ചെയ്തു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. സ്റ്റാര്‍മര്‍ പക്ഷെ ഇക്കാര്യം നിഷേധിക്കുകയാണ്.
വെയ്ല്‍സില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ജനപ്രതിനിധിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം അതീവ ആശങ്കയുണര്‍ത്തുന്നതാണെന്ന് സുനക് അഭിപ്രായപ്പെട്ടത്. സാധാരണ നടപടിക്രമങ്ങളും, ജനപ്രതിനിധി സഭയുടെ പ്രവര്‍ത്തന രീതികളുമെല്ലാം മാറിയതായി തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സ്പീക്കര്‍ ക്ഷമാപണം നടത്തിയതായും അറിഞ്ഞു എന്ന് പറഞ്ഞ അദ്ദേഹം, പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ മാറ്റുന്ന വിധത്തില്‍ എം പിമാരെ ഭയപ്പെടുത്താന്‍ തീവ്രവാദികളെ അനുവദിക്കില്ലെന്നും പറഞ്ഞു.
കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഇടമാണ് പാര്‍ലമെന്റ്. ചിലര്‍ അക്രമോത്സുക സ്വഭാവവുമായി അത് മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്നും സുനക് കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന് ഉടനടി വിരാമം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ് എന്‍ പി അവതരിപ്പിച്ച പ്രമേയത്തില്‍ ലേബര്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭേദഗതിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. സ്പീക്കറില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് എസ് എന്‍ പി വ്യക്തമാക്കി. സര്‍ക്കാരും സ്പീക്കറെ പിന്തുണക്കാന്‍ വിമുഖത കാണിക്കുകയാണ്.
സ്പീക്കറുടെ തീരുമാനത്തെ തുടര്‍ന്ന് എസ് എന്‍ പി അംഗങ്ങളും ടോറികളും വാക്കൗട്ട് നടത്തുകയായിരുന്നു. എം പിമാരെ സമാധാനിപ്പിക്കാന്‍ ലിന്‍ഡ്സേ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. തുടര്‍ന്ന് എസ് എന്‍ പി നേതാവ് സ്റ്റീഫന്‍ ഫ്ളിന്‍ അടക്കമുള്ളവരുമായി സംസാരിച്ച സ്പീക്കര്‍ സഭക്കുള്ളില്‍ തന്നെ എസ് എന്‍ പി അംഗങ്ങളോട് പ്രത്യേകിച്ചും സഭയോട് പൊതുവായും ക്ഷമാപണം നടത്തുകയായിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നും, ആ തെറ്റ് താന്‍ സമ്മതിക്കുന്നു എന്നും സ്പീക്കര്‍ പറഞ്ഞു.