യുവ ഡ്രൈവര്‍മാരെ പ്രതിസന്ധിയിലാക്കി കാര്‍ ഇന്‍ഷുറന്‍സ് തുക കുതിച്ചുയരുന്നത് തടയുവാന്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് എംപിമാര്‍. വന്‍ തുക ഇന്‍ഷുറന്‍സിനായി നല്‍കേണ്ടി വരുന്ന യുവ ഡ്രൈവര്‍മാര്‍ കാറിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന് എം പിമാര്‍ നിര്‍ദ്ദേശിക്കുന്നു. മറ്റൊരു നിര്‍ദ്ദേശം, അപകടങ്ങള്‍ കുറയ്ക്കുന്നതിനായി രാത്രികാല ഡ്രൈവിംഗില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ്.
യുവ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് തുക കുറയ്ക്കുന്നതില്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിയുന്ന പിന്തുണയുമായി ബന്ധപ്പെട്ട ചര്‍ച്ച വെസ്റ്റ്മിനിസ്റ്റര്‍ ഹോളില്‍ പാര്‍ലമെന്റ് അംഗം കാര്‍ല ലോക്ക്ഹാര്‍ട്ടാണ് ആരംഭിച്ചത്. ചിലര്‍ക്ക് 3000 പൗണ്ടിന്റെ വരെ ക്വോട്ട് ലഭിക്കാറുണ്ടെന്ന് പറഞ്ഞ അവര്‍, ഉയര്‍ന്ന ഇന്‍ഷുറന്‍സ് ചെലവ് പല യുവാക്കള്‍ക്കും ലൈസന്‍സ് ലഭിക്കുനതിന് തടസ്സമാകുന്നു എന്നും പറഞ്ഞു.
17 വയസ്സ് ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം 1423 പൗണ്ട് മുതല്‍ 2,877 പൗണ്ട് വരെ വര്‍ദ്ധിച്ചു എന്ന് പറഞ്ഞ അവര്‍ 18 വയസ്സുകാര്‍ക്കുള്ള ശരാശരി പ്രീമിയം 3,162 പൗണ്ട് വരെ ആയി എന്നും പറഞ്ഞു. തന്റെ സമ്മതിദായകരില്‍ ചിലര്‍ 5000 പൗണ്ട് മുതല്‍ 7000 പൗണ്ട് വരെ ക്വാട്ട് ലഭിച്ചത് അതിന്റെ പകുതി വില മാത്രമുള്ള കാറിനായിരുന്നെന്നും അവര്‍ പറഞ്ഞു.
കണ്‍ഫ്യുസ്ഡ് ഡോട്ട് കോം പറയുന്നത് 17 മുതല്‍ 20 വയസ്സ് പ്രായമുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് തുകയില്‍ ഏറ്റവുമധികം വര്‍ദ്ധനവ് ഉണ്ടായതെന്നാണ്. 43 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് കാര്‍ ഇന്‍ഷുറന്‍സില്‍ ശരാശരി 1000 പൗണ്ട് വരെ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നും അതില്‍ പറയുന്നു. അപകടങ്ങളുടെ എണ്ണം കുറച്ച് ഇന്‍ഷുറന്‍സ് തുക കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞ ലോക്ക്ഹാര്‍ട്ട് , അതിനായി പുതിയതായി ലൈസന്‍സ് ലഭിച്ചവര്‍ക്ക് കുറച്ചു കാലത്തേക്ക് ഡ്രൈവിംഗില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കണം എന്നും പറഞ്ഞു.
ഡ്രൈവിഗ് പഠന കാലം ചുരുങ്ങിയത് 12 മാസമാക്കുക, ഡ്രൈവിംഗ് പഠിക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുക, വാഹനമോടിക്കുമ്പോള്‍ രക്തത്തില്‍ അനുവദനീയമായ ആല്‍ക്കഹോളിന്റെ അളവ് കുറയ്ക്കുക, അതുപോലെ യുവ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതിനുള്ളില്‍ അനുവദിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുക., രാത്രികാല ഡ്രൈവിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയുംനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.