ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ആരോപണം ചര്‍ച്ചയാകുന്നു. ടിപി കൊലക്കേസില്‍ അന്വേഷണം നേതാക്കന്‍മാരിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം ആയിരുന്ന പി.കെ. കുഞ്ഞനന്തനില്‍ അന്വേഷണം നില്‍ക്കുകയായിരുന്നു. അതിനു മുകളിലേയ്ക്കു അന്വേഷണം പോയില്ല.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ഞനന്തന്റെ മരണത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ആദ്യ പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തു 2020 ല്‍ ആണ് കുഞ്ഞനന്തന്റെ മരണം. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ 13-ാം പ്രതിയായിരുന്ന പി.കെ. കുഞ്ഞനന്തന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരവെയാണ് മരണപ്പെടുന്നത്. അസുഖത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് ഷാജിയും അല്ല അള്‍സര്‍ ആണ് മരണകാരണമെന്ന് കുഞ്ഞനന്തന്റെ മകളും പറയുന്നതില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. ഭക്ഷ്യ വിഷബാധ കുഞ്ഞനന്തനു മാത്രം എങ്ങനെ ബാധകമായി എന്ന സംശയം അവശേഷിക്കുന്നു. മാത്രമല്ല കുഞ്ഞനന്തന്റെ മരണകാരണം അറിയാന്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന്റെ വിവരങ്ങളും ഇല്ല. കുഞ്ഞനന്തന്‍ പിടിയിലായതോടെ അദ്ദേഹത്തെ അസുഖക്കാരനാക്കാനായുള്ള ശ്രമങ്ങള്‍ ഉണ്ടായി. ശിക്ഷിക്കപ്പെട്ടതോടെ പരോളിനായും ആശുപത്രി ചികിത്സയ്ക്കായും ഇടപെടലുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
പികെ കുഞ്ഞനന്തന്റെ മരണം സംശയാസ്പദമാണെന്നും മരണം ഭക്ഷ്യവിഷബാധയേറ്റായിരുന്നെന്നും ഷാജി ആരോപിക്കുന്നു. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഷാജി ചൂണ്ടിക്കാട്ടുന്നു.
ടിപി കൊലക്കേസില്‍ അന്വേഷണം നേതാക്കന്‍മാരിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ശുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു. മാത്രമല്ല ഊരാളുങ്കല്‍ സൊസൈറ്റി ടിപി പിടിക്കുമെന്ന ഘട്ടത്തിലാണ് കൊലയെന്നും ഷാജി ആരോപിച്ചിരുന്നു.
ടിപി കൊലക്കേസിന്റെ മാസ്റ്റര്‍ ബ്രെയിന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല മുമ്പ് പറഞ്ഞിട്ടുണ്ട്. ടിപി കുലം കുത്തിയാണെന്നു പിണറായി പറഞ്ഞതിന് പിന്നാലെയാണ് ടിപിയെ വകവരുത്തുമെന്നും തല പൂക്കുല പോലെ ചിതറിക്കുമെന്നും മറ്റു നേതാക്കള്‍ പറഞ്ഞത്. പറഞ്ഞത് പോലെ 51 വെട്ടില്‍ ടിപിയുടെ തല പൂക്കുല പോലെയാക്കുകയും ചെയ്തു കൂലി കൊലയാളികള്‍.
ടി.പി. വധക്കേസില്‍ പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് കുഞ്ഞനന്തന്റെ മരണവും ചര്‍ച്ചയാകുന്നത്.