ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജനന നിരക്ക് ആശങ്കപ്പെടുത്തുംവിധം കുറയുന്നതായി ഔദ്യോഗിക കണക്കുകള്‍. ഒരു സ്ത്രീ ജന്മം നല്‍കുന്ന ശരാശരി കുട്ടികളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പ്രത്യുദ്പാദനക്ഷമതാ നിരക്ക് 2022-ല്‍ 1.49 മാത്രമാണെന്ന് കണക്കുകള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 1938 മുതലുള്ള എറ്റവും കുറഞ്ഞ നിരക്കാണിത്. ഈ പ്രവണത തുടരുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മെയില്‍ ഓണ്‍ലൈനിന്റെ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ രണ്ട് രാജ്യങ്ങളിലെയും, 330 ല്‍ അധികമുള്ള ഒരു ലോക്കല്‍ അഥോറിറ്റികളിലും പ്രത്യൂദ്പാദന ക്ഷമതാ നിരക്ക്, റീപ്ലേസ്മെന്റ് ലെവലിന് മുകളിലെക്ക് കടന്നിട്ടില്ല എന്നാണ്. അതായത്, ജനസംഖ്യ ഇടിച്ചില്‍ ആരംഭിക്കുന്നു എന്നര്‍ത്ഥം. സ്ത്രീകള്‍ പ്രസവിക്കുന്നതില്‍ വിമുഖത കാണിക്കുകയാണ്. ജനന നിരക്ക് കുറഞ്ഞു വരുന്നത് ബ്രിട്ടനെ ഒരു വൃദ്ധരാജ്യമാക്കും എന്നും മുന്നറിയിപ്പ് പറയുന്നു. മാത്രമല്ല, എന്‍എച്ച്എസിന് മേലും, സോഷ്യല്‍ കെയര്‍ മേഖലയിലും കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. ഇത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി - ഡെമോഗ്രാഫി സ്പെഷ്യലിസ്റ്റ് പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ മോണ്‍ഡെന്‍ ഈ സാഹചര്യത്തെ വിശേഷിപ്പിക്കുന്നത്, സാവധാനം തകര്‍ച്ചയിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു എന്നാണ്. ഈ പ്രവണത ദീര്‍ഘകാലം തുടര്‍ന്നാല്‍, തീര്‍ച്ചയായും ആശങ്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം പറയുന്നു. വൃദ്ധരായവര്‍ കൂടുമ്പോള്‍, ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്കും അത് വഴി തെളിക്കും.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ കാണിക്കുന്നത് 2022-ല്‍ രണ്ട് രാജ്യങ്ങളിലുമായി 6,05,479 ജനനങ്ങള്‍ ഉണ്ടായി എന്നാണ്. 1938 ന് ശേഷമുള്ള ഏറ്റവും കുറവ് എണ്ണമാണ് ഇത് എന്നു മാത്രമല്ല, തൊട്ടുമുന്‍പുള്ള 2021 നേക്കാള്‍ 20,000 എണ്ണത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. ജനന നിരക്കിനെ പ്രതിഫലിപ്പിക്കുന്ന പ്രത്യൂദ്പാദനക്ഷമതാ നിരക്ക് 2021 പ് 1.55 ആയിരുന്നു. അതാണ് ഇപ്പോള്‍ 1.49 ആയി കുറഞ്ഞിരിക്കുന്നത്.
ഒഎന്‍എസിന്റെ കണക്കുകള്‍ പ്രകാരം, 20 വയസ്സില്‍ താഴെയുള്ളവര്‍ ഒഴിച്ച്, മറ്റെല്ലാ പ്രായക്കാരുടെ ഇടയിലും പ്രത്യൂദ്പാദന ക്ഷമതാ നിരക്ക് വളരെയധികം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജനന നിരക്ക് കുറഞ്ഞു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇതിന് ഒരു അപവാദമായത് 2021 മാത്രമായിരുന്നു. ലോകത്തെ മുഴുവന്‍ വീട്ടിലിരുത്തിയ കോവിഡ് തന്നെയാണ് 2021- ലെ താത്ക്കാലിക വര്‍ദ്ധനക്ക് കാരണമായത്.
സ്ത്രീകള്‍ കൂടുതലായി പഠനത്തിലും തങ്ങളുടെ തൊഴില്‍ മേഖലയിലും കൂടുതലായി ശ്രദ്ധിക്കുന്നതും, ദമ്പതിമാര്‍, തങ്ങളുടെ ജീവിതത്തില്‍ വൈകി മാത്രം കുട്ടികള്‍ മതി എന്ന് തീരുമാനിക്കുന്നതുമാണ് ജനന നിരക്ക് കുറയാന്‍ ഇടയാക്കിയതില്‍ പ്രധാന കാരണങ്ങള്‍ എന്ന്വിദഗ്ധര്‍ പറയുന്നു. അതുപോലെ യുകെയുടെ നിലവിലെ ദുര്‍ബലമായ സമ്പദ്ഘടനയും കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധിയും കുട്ടികള്‍ വേണ്ടെന്ന് വയ്ക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നുമുണ്ട്.
അതേസമയം, കോവിഡ് വാക്സിന്‍ വന്ധ്യത ഉണ്ടാക്കുന്നതാണ് ജനന നിരക്ക് കുറയുവാന്‍ കാരണം എന്നതിനെ ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നു. അങ്ങനെയൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും അവര്‍ വ്യക്തമാക്കുന്നു.