ബ്രിട്ടീഷ് പൗരത്വം തിരിച്ചുപിടിക്കാനുള്ള ജിഹാദി വധുവിന്റെ പുതിയ നീക്കവും പാളി
പതിനഞ്ചാം വയസില്‍ ഭീകരവാദത്തിന് ഇറങ്ങിത്തിരിച്ച ഷമീമാ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം പിന്‍വലിച്ച നടപടി ശരിവെച്ച് കോടതികള്‍. പൗരത്വം തിരിച്ചുലഭിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണാതെ വന്നെങ്കിലും തോല്‍വി സമ്മതിക്കാന്‍ ഷമീമാ ബീഗത്തിന്റെ അഭിഭാഷകര്‍ തയ്യാറായില്ല. ഇതോടെ ഈ നിയമപോരാട്ടത്തിനുള്ള ചെലവുകള്‍ 7 മില്ല്യണ്‍ പൗണ്ടിലേക്ക് കുതിച്ചുയരുമെന്നാണ് കണക്കുകള്‍.
ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്ന ഷമീമാ ബീഗത്തിന്റെ യുകെ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാനുള്ള അപേക്ഷകളാണ് ജഡ്ജിമാര്‍ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ പേരില്‍ ഇതിനകം തന്നെ 250,000 പൗണ്ട് നിയമസഹായം നല്‍കിയിട്ടുണ്ട്. പോരാട്ടം സുപ്രീംകോടതിയിലേക്ക് പോകുന്നതോടെ ചെലവ് 7 മില്ല്യണ്‍ പൗണ്ടിലേക്ക് വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
കോര്‍ട്ട് ഓഫ് അപ്പീലാണ് ഇപ്പോള്‍ ബീഗത്തിന്റെ പുതിയ നിയമവെല്ലുവിളികളെ തള്ളിയത്. കേവലം 15 വയസ്സ് മാത്രമുള്ളപ്പോഴാണ് ഈസ്റ്റ് ലണ്ടനില്‍ നിന്നും ബീഗം ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് മുങ്ങിയത്. ആഴ്ചകള്‍ക്ക് ശേഷം നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള ജിഹാദിയെ ഇവര്‍ വിവാഹം ചെയ്തു. ഇവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചെങ്കിലും എല്ലാവരും മരിച്ചു.
കഴിഞ്ഞ വര്‍ഷം സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍സ് അപ്പീല്‍സ് കമ്മീഷനില്‍ നല്‍കിയ അപ്പീല്‍ തള്ളപ്പെട്ടിരുന്നു. ഇപ്പോള്‍ 24 വയസ്സുള്ള ഷമീമാ ബീഗത്തിന്റെ പൗരത്വം 2019-ലാണ് റദ്ദാക്കിയത്. ദേശീയ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടപടി സ്വീകരിച്ചതോടെ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപിലാണ് ബീഗം.