പൊതുമേഖലയ്ക്കുള്ള വിഹിതങ്ങള്‍ വെട്ടിക്കുറച്ചു നികുതി കുറച്ചു ബജറ്റ് ജനപ്രിയമാക്കുവാന്‍ ചാന്‍സലര്‍
ഒരു ഭാഗത്ത് ജനരോഷം മറുഭാഗത്തു സാമ്പത്തിക പ്രതിസന്ധി . ഇതിനിടെ ബജറ്റ് എങ്ങനെ ജനപ്രിയമാക്കാമെന്ന ആലോചനയിലാണ് ചാന്‍സലര്‍ ജെറമി ഹണ്ട്. സ്വന്തം പാര്‍ട്ടിക്കാരുടെ മുറുമുറുപ്പ് ശക്തമാകുന്നതിനിടെ പൊതുചെലവുകള്‍ക്ക് കത്തിവച്ച് ബജറ്റ് ജനപ്രിയമാക്കുവാനുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍. അടുത്ത ആഴ്ച ജെറമി ഹണ്ട് അവതരിപ്പിക്കുന്ന ബജറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായത് കൊണ്ടുതന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കാനും കഴിയില്ല. എന്നാല്‍ നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ നീക്കങ്ങള്‍ നടത്താന്‍ മറുഭാഗത്ത് പൊതുചെലവുകള്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ബജറ്റില്‍ ഒരു റൗണ്ട് നികുതി വര്‍ദ്ധനവുകള്‍ കൂടി പ്രഖ്യാപിക്കാനാണ് ഹണ്ട് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടര്‍ ചെലവഴിക്കലുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കരുതുന്നത്. 2010 മുതല്‍ 2015 വരെ കാലത്ത് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റ് നടപ്പാക്കിയ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് തുല്യമാകും ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ അടുത്ത ഗവണ്‍മെന്റിന് ഇത് നടപ്പാക്കാന്‍ കഴിയാതെ പോകുകയും, ഇതോടെ നികുതി വര്‍ദ്ധിപ്പിക്കുകയോ, കൂടുതല്‍ കടമെടുക്കാന്‍ നിര്‍ബന്ധിതമാകുകയോ ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അടുത്ത ആഴ്ചയിലെ ബജറ്റില്‍ ഇന്‍കം ടാക്‌സ് അല്ലെങ്കില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള നടപടികളാണ് ഹണ്ട് പ്രഖ്യാപിക്കുക. ഇതോടെ പൊതുചെലവുകളില്‍ നിന്നും ബില്ല്യണുകള്‍ വെട്ടിച്ചുരുക്കും.
ഇതോടെ പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും 20 ശതമാനം ബജറ്റ് വിഹിതം കുറയ്ക്കാന്‍ വഴിയൊരുങ്ങുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണക്കാക്കുന്നത്. ഹെല്‍ത്ത് ഉള്‍പ്പെടെ ഏതാനും വകുപ്പുകള്‍ മാത്രമാണ് ഇതില്‍ നിന്നും രക്ഷപ്പെടുക. കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികളാണ് ഗവണ്‍മെന്റിനുള്ളത്. ഇതോടെ പ്രതിവര്‍ഷം ഹെല്‍ത്ത് വകുപ്പ് ബജറ്റില്‍ 3.6% വര്‍ദ്ധന പ്രതീക്ഷിക്കാം. പ്രതിരോധ മേഖലയ്ക്കും ഈ സുരക്ഷ ലഭിക്കും.