ചെങ്കടല്‍ സംഘര്‍ഷം: ചരക്കു നീക്കത്തില്‍ വന്‍ പ്രതിസന്ധി; യുകെ വീണ്ടും വിലക്കയറ്റത്തിലേക്ക്
ചെങ്കടലിലെ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍ യുകെയിലേക്കടക്കം ചരക്കു നീക്കത്തില്‍ വന്‍ പ്രതിസന്ധി. ചരക്ക് നീക്കത്തില്‍ കാലതാമസം മാത്രമല്ല ചെലവുകളും കുതിച്ചുയരുന്നതിന് സംഘര്‍ഷം കാരണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ചരക്ക് കപ്പലുകള്‍ക്ക് എതിരെ ആക്രമണം അഴിച്ചു വിട്ടതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ചെങ്കടലിലെ സംഘര്‍ഷാവസ്ഥ കാരണം ഷിപ്പിംഗ് ചിലവുകള്‍ കുതിച്ചുയര്‍ന്നതു കൂടാതെ 4 ആഴ്ച വരെ കാലതാമസവും നേരിട്ടെന്നാണ് ബ്രിട്ടീഷ് കമ്പനികള്‍ അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് ചേമ്പര്‍ ഓഫ് കൊമേഴ്സ് (ബിസിസി ) യുടെ സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് സ്ഥാപനങ്ങളും ചെങ്കടലിലെ ഹൂതികളുടെ ആക്രമണം തങ്ങളെ ബാധിച്ചതായാണ് പറഞ്ഞത് . സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന അധിക ചെലവുകള്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ബി സി സി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു . കയറ്റുമതിക്കാര്‍, ചില്ലറ വ്യാപാരികള്‍, മൊത്ത കച്ചവടക്കാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് ബിസിസിയുടെ കണ്ടെത്തല്‍.
ഇതിനിടെ കഴിഞ്ഞ ദിവസം യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങള്‍ക്കെതിരെ യുകെ- യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തി. 18 ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ശനിയാഴ്ച വന്‍ സൈനിക നടപടി ഉണ്ടായത് . ചെങ്കടലിലെ ചരക്ക് കപ്പല്‍ ആക്രമിച്ച നടപടിയെ തുടര്‍ന്നാണ് സഖ്യം ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്ക് എതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചത്.
ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഒഴിവാക്കാനും ഏറ്റവും നിര്‍ണ്ണായകമായ ജലപാതയില്‍ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കടലില്‍ ജീവന്‍ സംരക്ഷിക്കുകയും ചരക്ക് കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും അതുകൊണ്ട് യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നാലാമത്തെ ആക്രമണം നടത്തുകയും ചെയ്തതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്‍ഡ് ഷാപ്സ് പറഞ്ഞു. വടക്ക് പടിഞ്ഞാറന്‍ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നവംബര്‍ മുതല്‍ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ പാലസ്തീനികള്‍ക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികള്‍ പറയുന്നത്.
ചെങ്കടലില്‍ ഹൂതികളുടെ ആക്രമണം തുടര്‍ച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതല്‍ ദൈര്‍ഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇത് ചെലവുകള്‍ കൂട്ടും. അതിനാല്‍ സ്വാഭാവികമായി വിലക്കയറ്റവും കൂട്ടും. പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന ബ്രിട്ടനില്‍ പുതിയ വെല്ലുവിളി സുനാക് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുക.