കാന്‍സര്‍ രോഗികള്‍ക്കു യുകെയില്‍ ഇപ്പോള്‍ വലിയ ദുരിതമാണ്. രോഗം സ്ഥിരീകരിച്ചാല്‍ അതിവേഗത്തിലുള്ള ചികിത്സ ലഭ്യമാക്കേണ്ടത് രോഗിയെ സംബന്ധിച്ച് സുപ്രധാനമാണ്. യുകെയില്‍ കാന്‍സര്‍ചികിത്സ ലഭ്യമാക്കുന്നതിന്റെ വേഗത മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്നതാണ് വസ്തുത.
യുകെയില്‍ കാന്‍സര്‍ രോഗികള്‍ക്ക് റേഡിയോതെറാപ്പിയും, കീമോതെറാപ്പിയും ആരംഭിക്കാന്‍ ഏഴ് ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. താരതമ്യം ചെയ്യുന്ന രാജ്യങ്ങളുമായി ഒത്തുനോക്കുമ്പോഴാണ് യുകെ ഈ കാര്യത്തില്‍ പിന്നിലാണെന്ന് വ്യക്തമാകുന്നത്.
ചികിത്സയ്ക്കായുള്ള ഈ കാത്തിരിപ്പ് മൂലം രോഗികള്‍ രക്ഷപ്പെടാനുള്ള സാധ്യതയെ വരെ ബാധിക്കുകയാണ്. 2012 മുതല്‍ 2017 വരെ കാലയളവില്‍ യുകെയ്ക്ക് പുറമെ ഓസ്‌ട്രേലിയ, കാനഡ, നോര്‍വെ എന്നിവിടങ്ങളിലെ 780,000 കാന്‍സര്‍ രോഗികളുടെ ചികിത്സാ വിവരങ്ങളാണ് പരിശോധിച്ചത്. എട്ട് തരം കാന്‍സറുകളും ഈ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
എട്ട് തരം കാന്‍സറുകളിലും യുകെയിലെ രോഗികള്‍ക്ക് ചികിത്സയ്ക്കായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ കീമോതെറാപ്പി ആരംഭിക്കാന്‍ ആവശ്യമായി വരുന്ന ശരാശരി സമയം 48 ദിവസമാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇത് 57, വെയില്‍സില്‍ 58, സ്‌കോട്ട്‌ലണ്ചില്‍ 65 എന്നിങ്ങനെയാണ് കാത്തിരിപ്പ്.