യുകെയുടെ ഭക്ഷ്യ വിലക്കയറ്റം രണ്ട് വര്‍ഷത്തെ താഴ്ചയില്‍. കുറയുന്ന എനര്‍ജി ചെലവുകളും, ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വില യുദ്ധവും തുടങ്ങിയതോടെ രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റത്തില്‍ കുറവ് വരുന്നുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വിലക്കയറ്റം എത്തുന്നത് . കടുപ്പമേറിയ ബജറ്റില്‍ വലഞ്ഞ കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത ആശ്വാസമായി മാറുകയാണ്.
ഫെബ്രുവരിയില്‍ മത്സ്യം, മാംസം, പഴങ്ങള്‍ എന്നിവയുടെ വിലയും താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷ്യവിലയില്‍ 5% വര്‍ദ്ധനവാണ് നേരിട്ടത്. ജനുവരിയിലെ 6.1 ശതമാനത്തില്‍ നിന്നുമാണ് ഈ കുറവ്. 2022 മേയ് മാസത്തിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇത് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ഷോപ്പ് പ്രൈസ് ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു.
വിലവര്‍ദ്ധനവ് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും മുന്‍പത്തെ തോതില്‍ ഇരട്ട അക്കത്തിലുള്ള വര്‍ദ്ധനവുകള്‍ ഇപ്പോള്‍ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എനര്‍ജി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാനമായും കാരണമായത്. ഫെബ്രുവരിയില്‍ 0.1% താഴ്ചയാണ് ഭക്ഷ്യവിലയില്‍ നേരിട്ടത്. സെപ്റ്റംബറിന് ശേഷമുള്ള ആദ്യത്തെ താഴ്ചയാണിത്.
ഹോള്‍സെയില്‍ വിലയില്‍ നേരിട്ട ഇടിവ് കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളിലും പ്രതിഫലിക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 12% താഴുമെന്ന് ഓഫ്‌ജെം പ്രഖ്യാപിച്ചിരുന്നു. ഇതോടെ വാര്‍ഷിക ബില്‍ 1690 പൗണ്ട് എന്ന നിലയിലേക്കാണ് താഴുക.