യു.കെ.വാര്‍ത്തകള്‍

യുകെ യൂണിവേഴ്സിറ്റികളില്‍ പിജി പഠനത്തിന് വിദേശ വിദ്യാര്‍ത്ഥികള്‍ കുറയുന്നു; ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയില്‍

യുകെ യൂണിവേഴ്സിറ്റികളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഉന്നത വിദ്യാഭ്യാസ മേഖല ആശങ്കയില്‍. യൂണിവേഴ്സിറ്റികള്‍, പ്രവര്‍ത്തനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന മുന്തിയ ഫീസിനെയാണ്. അത് നിലച്ചു പോയാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക നില തകരുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓഫറുകള്‍ മാനേജ് ചെയ്യുന്ന എന്റോളിയുടെ കണക്കുകള്‍ അനുസരിച്ച് 2024 ജനുവരിയില്‍, ഇന്റര്‍നാഷണല്‍ ഓഫറുകള്‍ക്ക് തൊട്ട് മുന്‍പത്തെ വര്‍ഷം ജനുവരിയിലേതിനേക്കാള്‍ 37 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസയ്ക്കായും മറ്റും സഹായിക്കുവാന്‍ നല്‍കുന്ന കണ്‍ഫര്‍മേഷന്‍ ഓഫ് അക്സപ്റ്റന്‍സ് ഫോര്‍ സ്റ്റഡീസ് (സി എ എസ്) രേഖകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നു.


കുടിയേറ്റ നിയമങ്ങളില്‍ അടുത്തിടെ സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് എന്റോള്‍മെന്റുകളുടെ വിശാലമായ ഒരു ചിത്രം ലഭിക്കുന്നത് ഇതാദ്യമായാണ്. പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ കുടുംബത്തെ കൂടെ കൊണ്ടു വരുന്നത് നിരോധിക്കും എന്ന്കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സുനക് പ്രസ്താവിച്ചിരുന്നു.

എന്റോളിയുടെ റിപ്പോര്‍ട്ട് ആശങ്കയുയര്‍ത്തുന്നു എന്നായിരുന്നു ബ്രിട്ടനിലെ 140 ല്‍ അധികം യൂണിവേഴ്സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന യൂണിവേഴ്സിറ്റീസ് യു കെയുടെ ചീഫ് എക്സിക്യുട്ടീവ് വിവിയെന്‍ സ്റ്റേണ്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ നയമാറ്റം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ പ്രതികൂലമായി ബാധിച്ചു എന്ന് ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതായും വിവിയെന്‍ സ്റ്റെണ്‍ പറഞ്ഞു. ഇത് യൂണിവേഴ്സിറ്റികളെയാണ് പ്രതികൂലമായി ബാധിക്കുക എന്നും അവര്‍ ചൂണ്ടിക്കാട്ടി.


ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റില്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ മറ്റു ചില പ്രതിബന്ധങ്ങള്‍ കൂടി അഭിമുഖീകരിക്കുന്നുണ്ട്. നൈജീരിയയിലെ കറന്‍സി പ്രതിസന്ധി, കാനഡ, യുഎസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള കടുത്ത മത്സരം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവയാണ്.


2019-ല്‍ സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രതിവര്‍ഷം 6 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളെ യുകെയില്‍ എത്തിക്കണമെന്നായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അതുവഴി 35 ബില്യണ്‍ പൗണ്ടിന്റെ വരുമാനവും ലക്ഷ്യമിട്ടിരുന്നു. 2018-19 കാലഘട്ടത്തില്‍ 5 ലക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സ്ഥലത്ത് 2021-22 കാലത്ത് 6,80,000 വിദ്യാര്‍ത്ഥികളായി ഉയരുകയും ചെയ്തിരുന്നു. പിന്നെയാണ് സര്‍ക്കാരിന്റെ പുതിയ വിസ നയം എത്തുന്നത്.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സെപ്റ്റംബര്‍ വരെ സമയമുള്ളതിനാല്‍ 2024-25 വര്‍ഷത്തെ കണക്ക് ഇപ്പോഴേ എടുക്കുന്നത് ശരിയാവില്ല എന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകള്‍ക്ക് അപേക്ഷകള്‍ കുറഞ്ഞപ്പോള്‍ അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്സുകള്‍ക്ക് 23 ശതമാനം കൂടുതല്‍ പേര്‍ അപേക്ഷിച്ചതായും എന്റോളി ഡാറ്റ പറയുന്നു. സമാനമായ രീതിയില്‍ യൂണിവേഴ്സിറ്റിസ് ആന്‍ഡ് കോളേജസ് അഡ്മിഷന്‍ സര്‍വ്വീസിന്റെ ഡാറ്റയിലും അണ്ടര്‍ഗ്രാഡ്വേറ്റ് കോഴ്സുകള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 0.7 ശതമാനത്തിന്റെ വരദ്ധനവ് ഉണ്ടായതായി പറയുന്നു.

പ്രവര്‍ത്തന ചെലവിനായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ പ്രധാനമായും ആശ്രയിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളെയാണ്. 2022-ല്‍ യൂണിവേഴ്സിറ്റികളുടെ മൊത്തം വരുമാനത്തിന്റെ അഞ്ചില്‍ ഒരു ഭാഗം ലഭിച്ചത് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ഫീസില്‍ നിന്നുമായിരുന്നു എന്ന് ഹൈയ്യര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ കൂടുതലും എത്തിയത് പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകള്‍ക്കായിട്ടാണ്.


ഒരു പഠന കേന്ദ്രം എന്ന നിലയില്‍ ബ്രിട്ടന് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായിരുന്ന ആകര്‍ഷണത്തെ സര്‍ക്കാരിന്റെ നയം വിപരീതമായി ബാധിക്കുന്നു എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് റസ്സല്‍ ഗ്രൂപ്പ് ഓഫ് എലൈറ്റ് യൂണിവേഴ്സിറ്റീസ് ചീഫ് എക്സിക്യുട്ടീവ് ടിം ബ്രാഡ്ഷാ പറയുന്നു. ഇത് തീര്‍ത്തും ലജ്ജാകരമായ കാര്യമാണെന്ന് പറഞ്ഞ ടിം ബ്രാഡ്ഷാ, ഇത് യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്ന് പറഞ്ഞു.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions