ടോറി എംപി പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ഇര
ഒരു ടോറി എംപിയില്‍ നിന്നും ഗുരുതരമായ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് പരാതി നല്‍കിയിട്ടും ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാന്‍ പോലും തയാറായില്ലെന്ന് ഇരയായ സ്ത്രീ. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുന്നതിനായാണ് ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
തനിക്കെതിരെ അതിക്രമം നടന്നതിന് പിന്നാലെ ഇതേക്കുറിച്ച് കണ്‍സര്‍വേറ്റീവ് വിപ്പുമാരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഇര പറയുന്നു. അക്രമത്തിന് ശേഷം മാനസികനില മോശമായ സ്ത്രീക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ കണ്‍സര്‍വേറ്റീവ് ആസ്ഥാനത്ത് നിന്നും 15,000 പൗണ്ട് നല്‍കുകയും ചെയ്തു.
എംപിക്കെതിരെ അന്വേഷണം നടത്താതെ വന്നതോടെ ആളുകള്‍ അപകടത്തിലാണെന്ന് വ്യക്തമാകുന്നതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തനിക്ക് നേരിട്ടത് പോലുള്ള അവസ്ഥകള്‍ മറ്റുള്ളവര്‍ക്ക് നേരിടാതിരിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇര ഗാര്‍ഡിയനോട് പറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാതി സിസ്റ്റം ശരിയായ രീതിയിലല്ലെന്ന് ഇര ചൂണ്ടിക്കാണിച്ചു. ഇതിന് അടിയന്തര മാറ്റം ആവശ്യമാണ്. ഇത്തരം സംഭവങ്ങളില്‍ പെടുന്നവരുടെ സുരക്ഷയേക്കാള്‍ വിഷയം മറച്ചുവെയ്ക്കുന്നതിനാണ് ശ്രമം നടക്കുന്നത്, ഇവര്‍ പറയുന്നു. നിലവിലെ നേതൃത്വം താനാണ് പ്രശ്‌നമെന്ന തോന്നലാണ് സമ്മാനിക്കുന്നതെന്നും ഇര വ്യക്തമാക്കി.
സ്വകാര്യ ചികിത്സയ്ക്ക് പണം നല്‍കുമ്പോള്‍ ഇത് രഹസ്യമായിരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇത് പത്രവാര്‍ത്തയായി. ആരോപണം നേരിടുന്ന എംപിയുടെ വിപ്പ് പിന്‍വലിച്ചിരുന്നു. പരാതി നല്‍കിയ സ്ത്രീ ഇത് പിന്‍വലിച്ചെങ്കിലും മറ്റ് ആരോപണങ്ങളുടെ പേരില്‍ എംപിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.