വിമാന യാത്രയില്‍ ലഗ്ഗേജിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഒഴിവാക്കി അവയുടെ സ്ഥാനം അറിയുന്നതിന് ആപ്പിള്‍ എയര്‍ ടാഗ് ഉപയോഗിക്കാം. ലഗേജ് നഷ്ടപ്പെടാതിരിക്കുവാനും ലൊക്കേഷന്‍ കൃത്യമായി അറിയാനും ഇത് സഹായിക്കും. സാധാരണ ഗതിയില്‍ എയര്‍ലൈനുകള്‍ നഷ്ടപ്പെട്ട ബാഗേജ് കണ്ടെത്തി യാത്രക്കാരെ ഏല്‍പിക്കുമെങ്കിലും, ബാഗേജ് എവിടെയാണെന്ന് അറിയാന്‍ കഴിയുന്നത് തീര്‍ച്ചയായും ആശ്വാസകരമായ ഒന്നായിരിക്കും. ഇതിന് സഹായിക്കുന്ന, ആപ്പിള്‍ എയര്‍ ടാഗുകള്‍ ഇപ്പോള്‍ വിമാന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പ്രിയങ്കരമാവുകയാണ്.
സിസിന്‍തെസ്‌കി എന്ന ടിക്ടോക്ക് പേജിലൂടെ ട്രാവല്‍ ടിപ്പുകള്‍ പങ്കുവയ്ക്കുന്ന അമേരിക്കന്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റായ സിസിയാണ് ഇപ്പോള്‍ ആപ്പിള്‍ എയര്‍ ടാഗിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ ലഗേജിനകത്തേക്ക് എളുപ്പത്തില്‍ വയ്ക്കാവുന്ന ഒരു ചെറിയ ലോഹ കഷണമാണ് ആപ്പിള്‍ എയര്‍ ടാഗ്. അതല്ലെങ്കില്‍ അതിനെ നിങ്ങളുടെ താക്കോല്‍ക്കൂട്ടവുമായി ബന്ധിപ്പിക്കാനോ, കാര്‍ നിര്‍ത്തിയിട്ട് പോകുമ്പോള്‍ അതിനുള്ളില്‍ വയ്ക്കുവാനോ കഴിയും.
ആപ്പിള്‍ ഫോണിലെ ഫൈന്‍ഡ് മൈ നെറ്റ്വര്‍ക്ക് ഉള്ള, അടുത്തുള്ള ഉപകരണങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയുന്ന ബ്ലൂടൂത്ത് സിഗ്‌നലുകള്‍ അയച്ചുകൊണ്ടാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. അതായത്, എയര്‍ ടാഗുകള്‍, തങ്ങളുടെ ലൊക്കേഷന്‍ ഐ ക്ലൗഡിലേക്ക് അയയ്ക്കും . ഐഫോണിലുള്ള ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ച് അതിന്റെ ലൊക്കെഷന്‍ ഏതാണെന്ന് നിങ്ങള്‍ക്ക് കണ്ടെത്തുവാന്‍ കഴിയും. എയര്‍ ടാഗ് എവിടെയാണെന്ന് കൃത്യമായി കാണിക്കുന്ന മാപ്പിന്റെ രൂപമായിരിക്കും തെളിഞ്ഞു വരിക.
അതുകൊണ്ടു തന്നെ, അടുത്ത തവണ വിമാനയാത്ര ചെയ്യുമ്പോള്‍, യാത്രയ്ക്ക് മുന്‍പായി നിങ്ങളുടെ എയര്‍ ടാഗ് ലഗേജിനകത്ത് വയ്ക്കാന്‍ സിസി ആവശ്യപ്പെടുന്നു. ആപ്പ് തുറന്ന്, ലഗേജ് എവിടെയുണ്ടെന്നുള്ളത് നിങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍, മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്തവിധം വേണം അത് നിങ്ങളുടെ ലഗേജില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ എന്നും സിസി പറയുന്നു. എയര്‍ ടാഗ് ഉപയോഗിച്ച നിരവധി യാത്രക്കാരും തങ്ങളുടെ അനൂഭവങ്ങള്‍ വീഡിയോയ്ക്ക് കീഴില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.