നാട്ടുവാര്‍ത്തകള്‍

'കില്ലര്‍ സ്‌ക്വാഡുകള്‍'ക്ക് കിട്ടേണ്ടത് തൂക്കുകയര്‍

മനുഷ്യ മനഃസാക്ഷിയെ നടുക്കി കേരളത്തില്‍ കൊല തൊഴിലാക്കി മാറ്റിയവര്‍ക്ക്‌ എന്തുകൊണ്ട് തൂക്കുകയര്‍ നല്‍കിക്കൂടാ? വാടക കൊലയാളികളുടെ രാഷ്ട്രീയ അരുംകൊലകള്‍ക്കു അറുതിവരുത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല. കൊല തൊഴിലായി സ്വീകരിച്ചവര്‍ക്ക്‌ തൂക്കുകയര്‍ കിട്ടുമെന്ന സ്ഥിതിയുണ്ടാവണം, അങ്ങനെ മാത്രമേ അടുത്ത തലമുറ ഈ തൊഴില്‍ മേഖലയിലേയ്ക്ക് എത്താതിരിക്കൂ.

ക്വട്ടേഷന്‍ കില്ലര്‍ സ്‌ക്വാഡുകള്‍ക്ക് ഇപ്പോഴത്തെ പോലെ ജീവപര്യന്തമോ ഇരട്ട ജീവപര്യന്തമോ കിട്ടിയാലും രാഷ്ട്രീയ- ഭരണ തണലില്‍ അവരൊക്കെ ജയിലില്‍ ആഡംബര ജീവിതം നയിക്കുകയും തങ്ങളുടെ 'തൊഴില്‍' ജയിലിനുള്ളില്‍ നിന്ന് തന്നെ തുടര്‍ന്നും ഓപ്പറേറ്റ് ചെയ്തുകൊണ്ടുമിരിക്കും. കൊല തൊഴിലാളികളെ ഭരണകക്ഷി നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിക്കുന്നത് അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല. തങ്ങള്‍ ചെയ്യിച്ച കൊലപാതകത്തിന്റെ രഹസ്യം പുറത്തുവരാതിരിക്കാനുള്ള കൂടിക്കാഴ്ചകളാണത്. പരോളില്‍ ഇറക്കുന്നതും കല്യാണം നടത്തുന്നതുമെല്ലാം കൊലത്തൊഴിലാളികളുടെ നാവിനെ ഭയമുള്ളതു കൊണ്ടാണ്.


ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പിടിയിലായതു മുതല്‍ ജയിലിലും പരോളിലും അനുഭവിച്ചുവരുന്ന സുഖ സൗകര്യങ്ങള്‍ ജനത്തിന് മുന്നിലുണ്ട്. ഇരട്ട ജീവപര്യന്തം ലഭിച്ച മുഖ്യ പ്രതികള്‍ കൊലപാതകങ്ങള്‍ കാലങ്ങളായി തൊഴിലാക്കിയവരാണ്. ജയിലില്‍ കിടക്കുന്നതിനുള്ള പണവും സൗകര്യങ്ങളും ഉറപ്പിച്ച ശേഷം കൊല നടത്തുന്നവര്‍. ഇത്തരക്കാര്‍ എത്ര വര്‍ഷം അകത്തു കിടന്നാലും തന്റെ 'കുലത്തൊഴില്‍' വിടില്ല.


ക്വട്ടേഷന്‍ കൊലയാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കാനായാല്‍ ക്വട്ടേഷന്‍ കൊടുത്തവരുടെയും ഗൂഡാലോചനക്കാരുടെയും പേരുകള്‍ പുറത്തുപറയേണ്ടിവരും. ക്വട്ടേഷന്‍ രാജിന് അറുതി വരുത്താന്‍ ഈയൊരു മാര്‍ഗമേ ഉള്ളൂ. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്താന്‍ പോന്ന മഹാമനസ്‌കരല്ല അവര്‍. വാടക കൊലയാളി സംഘങ്ങള്‍ പെരുകാതിരിക്കണമെങ്കില്‍ നമ്മുടെ നിയമ സംവിധാനം കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.


ടിപി കേസിലെ ശിക്ഷിക്കപ്പെട്ട കൊലയാളി സംഘം ആദ്യമായല്ല കൊലയും കൊലപാതക ശ്രമങ്ങളും നടത്തുന്നത്. ഇനി പുറത്തിറങ്ങിയാലും ഇത് തുടരുകയും ചെയ്യും. ജയിലിലുള്ളില്‍ ഇരുന്നു മാഫിയ പ്രവര്‍ത്തനം തുടരുന്നു എന്നത് ഇതിനു അടിവരയിടുന്നു. കില്ലര്‍ സ്‌ക്വാഡുകളുടെ നാവിന്‍ തുമ്പില്‍ തങ്ങളുടെ പേര് ഉണ്ട് എന്നതിനാല്‍ നേതാക്കള്‍ക്ക് അവരെ കൂടെ നിര്‍ത്തേണ്ടത് ആവശ്യവുമാണ്. അതുകൊണ്ടാണ് എല്ലാ സുഖ സൗകര്യങ്ങളോടെയും അവരെ വാഴിക്കുന്നത്. ഈ രാഷ്ട്രീയ തണലാണ് കൊലയാളികളുടെ ഈ കൂസലില്ലായ്‌മയ്‌ക്കു കാരണവും. അവിടെ സ്വന്തം ജീവന് ആപത്തുവരും എന്ന സ്ഥിതി വന്നാല്‍ മാത്രമേ അതിനു അറുതിവരൂ.

51 വെട്ടുകള്‍ വെട്ടി നിഷ്ടൂരമായി നടത്തുന്ന കൊല അത്യപൂര്‍വങ്ങളില്‍ അപൂര്‍വ്വമല്ലാതെ മറ്റെന്താണ്? നാട്ടില്‍ നവോത്ഥാനം കൊണ്ടുവരുന്നവര്‍ എന്ന് വീമ്പിളക്കുന്നവരാണ് വാടക കൊലയാളികളുടെ ഏറ്റവും വലിയ യജമാനന്മാര്‍ എന്നതാണ് ശ്രദ്ധേയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവജനതയ്ക്കു അവര്‍ നല്‍കുന്ന 'നവോത്ഥാനം' ആണ് 'കില്ലര്‍ സ്‌ക്വാഡുകള്‍'. അതിനെ ഉന്മൂലനം ചെയ്യാന്‍ തൂക്കുകയര്‍ തന്നെ വേണം.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions