ബ്രിട്ടനിലെ തങ്ങളുടെ സുരക്ഷ വെട്ടിയതിനെതിരെ ഹോം ഓഫീസിനെ കോടതി കയറ്റിയ ഹാരി രാജകുമാരന് തിരിച്ചടി. നികുതിദായകന്റെ പണത്തില്‍ സുരക്ഷ വേണ്ടെന്ന ഗവണ്‍മെന്റ് നിലപാട് ഹൈക്കോടതി ശരിവെച്ചു. നികുതിദായകന്റെ ചെലവില്‍ ബ്രിട്ടനിലെത്തുമ്പോള്‍ വ്യക്തിഗത സുരക്ഷ ഒരുക്കുന്നത് നിര്‍ത്താനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനത്തിന് എതിരെയായിരുന്നു സസെക്‌സ് ഡ്യൂക്ക് കോടതിയെ സമീപിച്ചത്.
മരിച്ച് പോയ തന്റെ അമ്മ ഡയാന രാജകുമാരിയേക്കാള്‍ വലിയ അപകടങ്ങളാണ് തന്റെ കുടുംബം നേരിടുന്നതെന്നാണ് 39-കാരനായ ഹാരി വാദിച്ചത്. സുരക്ഷ റദ്ദാക്കുന്നത് തങ്ങളെ അപകടത്തിന്റെ മുനമ്പിലെത്തിക്കുമെന്നും രാജകുമാരന്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി ഹോം ഓഫീസിന്റെ തീരുമാനം ശരിവെച്ചു.
ഇതോടെ 1 മില്ല്യണ്‍ പൗണ്ട് വരെ ബില്‍ അടയ്‌ക്കേണ്ട അവസ്ഥയിലാണ് ഹാരി. വിരമിച്ച ഹൈക്കോടതി ജഡ്ജ് പീറ്റര്‍ ലെയിന്‍ ജുഡീഷ്യല്‍ റിവ്യൂവിനുള്ള അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഈ വന്‍തുക ഹാരി പോക്കറ്റില്‍ നിന്നും നല്‍കേണ്ടി വരിക. സ്വന്തം അഭിഭാഷകരുടെ ഫീസിന് പുറമെ ഹോം ഓഫീസിന് നേരിട്ട നിയമ ചെലവുകളും രാജകുമാരന്‍ അടയ്‌ക്കേണ്ടിവരുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനകം തന്നെ കേസ് നടത്തിപ്പിനായി 407,000 പൗണ്ട് ചെലവ് വന്നതായി ഹോം ഓഫീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതി കേസുകളില്‍ തോല്‍ക്കുന്ന പക്ഷം ഇരുവിഭാഗത്തിന്റെയും നിയമ ചെലവുകള്‍ വഹിക്കുന്നതാണ് പതിവ്.