യുകെയില്‍ ഭവനരഹിതരുടെ എണ്ണം 27 % കൂടി; ലണ്ടനില്‍ മാത്രം 32 % കൂടി
വികസിത രാജ്യമായ യുകെയില്‍ കിടപ്പാടമില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ മാത്രം 2023 ലെ ശരത്ക്കാലത്ത് തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 27 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുയിടങ്ങളില്‍ അന്തിമയക്കത്തിന് തലചായ്ക്കുന്നവരുടെ എണ്ണം എല്ലായിടത്തും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം വര്‍ദ്ധന ഉണ്ടായിരിക്കുന്നത് ലണ്ടനിലാണ്. നഗരത്തില്‍ മാത്രം വീടുകളില്ലാത്തവരുടെ എണ്ണം 33 ശതമാനത്തിലധികമാണ് വര്‍ദ്ധിച്ചത്.
2019-ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് ഇത്തരത്തില്‍ പൊതുയിടങ്ങളില്‍ ഉറങ്ങുന്നവരുടെ എണ്ണം 9 ശതമാനം മാത്രമായിരുന്നു. സ്വന്തമായി വീടുകള്‍ ഇല്ലാത്തവരെയും, അന്തിമയക്കത്തിന് പൊതുയിടങ്ങള്‍ തേടുന്നവരെയും സഹായിക്കാന്‍ 2.4 ബില്യന്‍ പൗണ്ടിന്റെ പദ്ധതി ആവിഷ്‌കരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ പൊതുയിടങ്ങളിലെ ഉറക്കം അവസാനിപ്പിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
വീടുകളില്ലാതെ പൊതുയിടങ്ങളില്‍ ഉറങ്ങുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ഇത്തരത്തിലുള്ള, യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ 87.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ദ്ധനവ് ഉണ്ടായതില്‍ പകുതിയില്‍ അധികവും ഉണ്ടായിരിക്കുന്നത് രാജ്യത്തിന്റ് മൊത്തം വിസ്തീര്‍ണ്ണത്തിന്റെ ഏഴു ശതമാനം മാത്രം ഉള്‍ക്കൊള്ളുന്ന 20 ലോക്കല്‍ അഥോറിറ്റികളുടെ അധികാര പരിധിയിലാണ് എന്നതാണ് കൗതുകകരം.
ലണ്ടനില്‍ കഴിഞ്ഞവര്‍ഷം തെരുവോരങ്ങളില്‍ ഉറങ്ങുന്നവരുടെ എണ്ണം 1,132 ആയിരുന്നു. 2022-ല്‍ ഇത് 858 മാത്രമായിരുന്നു എന്നതോര്‍ക്കണം. അതായത് 32ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അടുത്തിടെ 10 സ്ത്രീകള്‍ ഉള്‍പ്പടെ 60 പേരടങ്ങുന്ന ഒരു സംഘം പാഡിംഗ്ടണ്‍ സ്റ്റേഷനില്‍ അന്തിയുറക്കത്തിന് എത്താന്‍ തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഉള്ള 66 കാരിയായ റീത്ത കഴിഞ്ഞ ആറ് മാസക്കാലമായി സ്റ്റേഷനിലെ കസേരകള്‍ കൂട്ടിയിട്ട് അതിലാണ് ഉറങ്ങുന്നത്.
അവരുടെ, 38 വയസ്സുള്ള മകളും സ്റ്റേഷനിലാണ് അന്തിയുറക്കം. ബ്രിട്ടനില്‍ ജനിച്ച് പിന്നീട് ഫ്രാന്‍സിലേക്ക് പോയ അവര്‍, ഒരു തട്ടിപ്പില്‍ അകപ്പെട്ട് എല്ലാം നഷ്ടമായതോടെ ബ്രിട്ടനിലേക്ക് തിരിച്ചു വരികയായിരുന്നു. മറ്റാരെങ്കിലും ഇടം പിടിക്കുന്നതിന് മുന്‍പായി തലചായ്ക്കാന്‍ ഒരിടം കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് അവര്‍ പറയുന്നു. സ്റ്റേഷനിലെ തിരക്കൊഴിഞ്ഞ് ഏതാണ്ട് രാത്രി 12. 30 ഓടെ ഉറങ്ങാന്‍ തുടങ്ങിയാല്‍ രാവിലെ 4 മണിക്ക് എഴുന്നേല്‍ക്കണം എന്നും അവര്‍ പറയുന്നു.
അടുത്തിടെ മാഞ്ചസ്റ്റര്‍ ടൗണ്‍ ഹോളിന് മുന്‍പിലായി 81 ഓളം പേരെ തെരുവില്‍ ഉറങ്ങുന്നതായി കണ്ടിരുന്നു എന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ അധികവും അടുത്തകാലത്ത് ബ്രിട്ടനില്‍ തുടരാന്‍ അനുമതി ലഭിച്ച കുടിയെറ്റക്കാരാണ്. എന്നാല്‍, അവര്‍ക്ക് താമസിക്കാന്‍ ഒരിടമില്ല. അപേക്ഷ നല്‍കി കാത്തിരിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുറച്ചു കൊണ്ടു വരാന്‍ ഹോം ഓഫീസ് സത്വര നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഒപ്പം അഭയാര്‍ത്ഥികളെ ഹോട്ടലില്‍ താമസിപ്പിക്കുക വഴി വരുന്ന ചെലവ് കുറയ്ക്കാനും.
ഇതിന്റെ ഫലമായി ഇപ്പോള്‍ ആയിരങ്ങള്‍ക്ക് കൗണ്‍സിലുകളുടെയും ചാരിറ്റി സംഘടനകളുടെയും ഔദാര്യത്തില്‍ മാത്രം ജീവിക്കാനാവൂ എന്ന സ്ഥിതിയാണ്. സുഡാന്‍, എരിത്രിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ടൗണ്‍ഹാളിന് പുറത്തുള്ളവരില്‍ ഏറിയ പങ്കും.