വെള്ളിയാഴ്ച രാത്രി കൊടുങ്കാറ്റും ശക്തമായ മഴയ്ക്കും ഇടെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന് സമീപം 15 കാറുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്കേറ്റു. സസെക്‌സിലെ എം23-ല്‍ ക്രൗളിയ്ക്കും, ഹോര്‍ഷാമിനും ഇടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. നാല് പേരെയാണ് ആശുപത്രിയിലെത്തിച്ചത്. അതിശക്തമായ മഴയും, ആലിപ്പഴ വര്‍ഷത്തോട് കൂടി കൊടുങ്കാറ്റും നേരിട്ടതോടെ മേഖലയില്‍ നാല് മണിക്കൂറോളം മോട്ടോര്‍വെ അടച്ചിട്ടിരുന്നു. റോഡ് യഥാര്‍ത്ഥത്തില്‍ ഐസ് റിങ്കായി മാറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സുകള്‍ അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തി. ലണ്ടനെയും, ബ്രൈറ്റനെയും ബന്ധിപ്പിക്കുന്ന മോട്ടോര്‍വെയില്‍ ജംഗ്ഷന്‍ 10, 11 എന്നിവിടങ്ങള്‍ക്കിടയില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായി. കാറുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായി ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ ആളുകള്‍ അരികിലേക്ക് തള്ളിനീക്കുകയാണ് ചെയ്തത്.
അപകടത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് സ്ഥിരീകരിച്ചു. 34-ഓളം പേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പരിശോധന നടത്തി പ്രാഥമിക ചികിത്സ നല്‍കി. ശക്തമായ മഴയുണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് ആലിപ്പഴ വീഴ്ചയും, ഐസും രൂപപ്പെട്ടതാണ് പ്രശ്‌നമായതെന്ന് അപകടത്തില്‍ പെട്ട ഒരാള്‍ പറയുന്നു. മഞ്ഞ് നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നത് പോലെ വാഹനം തെന്നിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി.