ലേബര്‍, ടോറി പാര്‍ട്ടികളെ ഞെട്ടിച്ച് റോച്ച്ഡെയിലിലെ ജോര്‍ജ്ജ് ഗാലോവെ യുടെ വിജയം
തീവ്ര വലതുപക്ഷ ഇസ്ലാമിക തീവ്രവാദികള്‍ ബ്രിട്ടനിലെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാകുന്നതായി പ്രധാനമന്ത്രി റിഷി സുനക്. ഇതിനെതിരെ രാജ്യം മുഴുവന്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ രീതിയില്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് ധൃതിപിടിച്ച് വിളിച്ചു ചേര്‍ത്ത മാധ്യമ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. തങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും, പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോച്ച്ഡെയില്‍ ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് ഗാലോവിന്റെ വിജയം ആശങ്കയുണര്‍ത്തുന്നതാണെന്ന് പറഞ്ഞ സുനക്, ഒക്ടൊബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെ ലഘൂകരിച്ച വ്യക്തിക്കാണ് ജനങ്ങള്‍ വോട്ട് നല്‍കിയതെന്ന് ഓര്‍മ്മിപ്പിച്ചു. നേരത്തെ ഡെപ്യുട്ടീസ് ഓഫ് ബ്രിട്ടീഷ് ജ്യുസ് ഗാലോവിന്റെ വിജയത്തെ ''ബ്രിട്ടീഷ് യഹൂദ സമൂഹത്തിന്റെ ഇരുണ്ടദിനം'' എന്ന് വിശേഷിപ്പിച്ചിരുന്നു. ഗാലോവിനെതിരെ പ്രചാരണം നടത്താതിരുന്നതിന് ലേബര്‍ പാര്‍ട്ടി ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയോടെ മുന്‍പോട്ട് കൊണ്ടുപോകുമെന്ന് സുനക് പറഞ്ഞു. ക്യാമ്പസ്സുകളിലെ തീവ്രവാദ പ്രവര്‍ത്തനം തടയണമെന്ന് യൂണിവേഴ്സിറ്റികളോട് ആവശ്യപ്പെട്ട സുനക്, ബ്രിട്ടീഷ് മൂല്യങ്ങള്‍ തകര്‍ക്കാന്‍ ഉന്നം വെച്ചെത്തുന്നവരെ രാജ്യത്തിനകത്ത് പ്രവേശിക്കാന്‍ സഹായിക്കരുതെന്നും ആവശ്യപ്പെട്ടു.
ഒരു രാജ്യവും പൂര്‍ണ്ണമായും നന്മ നിറഞ്ഞതല്ല, എന്നാല്‍ തന്റെ രാജ്യം ചെയ്ത നന്മകളെ താന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും സ്‌നാക് പറഞ്ഞു. ഈ സംഘങ്ങള്‍, ബ്രിട്ടീഷ് വ്യവസ്ഥിതി തെറ്റാണെന്നും ബ്രിട്ടന്‍ ഒരു വംശീയത പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്നും കുട്ടികളോട് പറഞ്ഞാല്‍ അത് പച്ചക്കള്ളം ആണെന്ന് മാത്രമല്ല, കുട്ടികളുടെകുഞ്ഞു സ്വപ്നങ്ങളെ തല്ലിക്കെടുത്തി അവരെ സ്വന്തം സമൂഹത്തിനെതിരെ തിരിക്കുന്നതിനുള്ള വഴികൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിസയില്‍ ബ്രിട്ടനിലെത്തിയവര്‍ ഇവിടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരെ നാടുകടത്തുവാനുള്ള അവകാശമുണ്ടെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി വീണ്ടും ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രിയുടെ നടപടിയെ ലേബര്‍ പാര്‍ട്ടിയും പിന്തുണക്കുകയാണ്. സ്വീകാര്യമല്ലാത്തതും അപ്രതീക്ഷിതവുമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്തിന്റെ ഐക്യത്തിനായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രിയുടെ നടപടി ശരിയാണെന്ന് ലേബര്‍ പാര്‍ട്ടിയും പറയുന്നു.
അതേസമയം, പ്രഭു സഭാംഗവും കണ്‍സര്‍വേറ്റീവ് നേതാവുമായ ലോര്‍ഡ് വൈസി ചൊല ടോറി അംഗങ്ങള്‍ സ്വയം പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. പൊതുജന സമൂഹത്തില്‍ വിഷം കലര്‍ത്തുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്ത ബ്രെക്സിറ്റ് മുതല്‍ അഭയാര്‍ത്ഥി പ്രശ്നം വരെയുള്ളതില്‍ എടുത്ത നിലപാടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയതായി എം പി ആയ ഗാലോവെ, സമൂഹത്തില്‍ ഭീതിയും വിഭാഗീയതയും സൃഷ്ടിക്കുന്ന വ്യക്തിയാണെന്നായിരുന്നു ലേബര്‍ പാര്‍ട്ടി പറഞ്ഞത്. നേരത്തെ യഹൂദ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് ലേബര്‍ പാര്‍ട്ടി സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതായിരുന്നു പ്രധാനമായും ഗാലോവിന്റെ വിജയത്തിലേക്ക് നയിച്ചത്. ഇന്ന് അത്തരമൊരു പ്രവൃത്തിക്ക് ക്ഷമാപണം നടത്തുകയാണെന്ന് ലേബര്‍ നേതാവ് കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു