ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ഏറ്റവും ഒടുവിലത്തെ പണിമുടക്ക് മൂലം മാറ്റിവെയ്‌ക്കേണ്ടി വന്നത് ഒരു ലക്ഷത്തിനടുത്ത് എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍. അഞ്ച് ദിവസം നീണ്ട പണിമുടക്ക് സംഘടിപ്പിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ ശമ്പളത്തര്‍ക്കത്തിന്റെ പേരില്‍ നടത്തുന്ന പത്താമത്തെ പ്രതിഷേധമാണിത്.
സമരങ്ങളെ തുടര്‍ന്ന് 23,000-ലേറെ ജീവനക്കാരാണ് ജോലിയില്‍ നിന്നും വിട്ടുനിന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇതോടെ ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ മൂലമുള്ള തടസ്സങ്ങള്‍ 1000 മണിക്കൂറായെന്ന് അധികൃതര്‍ പറയുന്നു.
2022 ഡിസംബര്‍ മുതല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ എന്നിവരുടെ സമരങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച ഓപ്പറേഷനുകളുടെയും, അപ്പോയിന്റ്‌മെന്റുകളുടെയും എണ്ണം 1.4 മില്ല്യണിലെത്തി. ഈയാഴ്ചയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ക്രിട്ടിക്കല്‍ കെയര്‍, നിയോനേറ്റല്‍ കെയര്‍, മറ്റേണിറ്റി, ട്രോമാ യൂണിറ്റുകളെയാണ് ബാധിച്ചത്. ഇതോടെ എമര്‍ജന്‍സി കെയറിലേക്ക് സീനിയര്‍ ഡോക്ടര്‍മാരെ മാറ്റേണ്ടി വന്നു.
35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് ബിഎംഎ സമരം. മന്ത്രിമാര്‍ ഈ ആവശ്യം തള്ളിയതോടെ ഇവരുടെ പണിമുടക്ക് 39 ദിവസമായി നീണ്ടു. തര്‍ക്കത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത് രോഗികളാണെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഗവണ്‍മെന്റുമായി ശമ്പളതര്‍ക്കത്തില്‍ കരാറില്‍ എത്താത്ത പക്ഷം സമരങ്ങള്‍ തുടരുമെന്ന് തന്നെയാണ് യൂണിയന്റെ ഭീഷണി.
ഈ സാമ്പത്തിക വര്‍ഷം 9% ശമ്പള വര്‍ദ്ധനവാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. ഇതിന് ശേഷമുള്ള ചര്‍ച്ചകളില്‍ 3% അധികം ഓഫര്‍ ചെയ്‌തെങ്കിലും വിഷയത്തില്‍ കരാറിലെത്താന്‍ സാധിച്ചില്ല. 15 വര്‍ഷമായി പണപ്പെരുപ്പത്തില്‍ താഴെ ലഭിക്കുന്ന വര്‍ദ്ധനകളുടെ കുറവ് പരിഹരിച്ചുള്ള വര്‍ദ്ധന വേണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്.