സാറാ എവറാര്‍ഡിന്റെ കൊലപാതകത്തിന് ശേഷവും ബ്രിട്ടനിലെ പോലീസുകാര്‍ ബലാത്സംഗ കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിലും പ്രതികളായി ശിക്ഷിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍. സാറാ എവറാര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ വെയിന്‍ കൗസെന്‍സിനെ പോലുള്ളവര്‍ സേനയില്‍ വീണ്ടും ഉണ്ടെന്നതാണ് വെല്ലുവിളി.
എന്നാല്‍ എവറാര്‍ഡിന്റെ കൊലപാതകത്തിന് ശേഷവും പോലീസുകാര്‍ ഇത്തരം കേസുകളില്‍ പ്രതികളാകുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എവറാര്‍ഡ് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ബലാത്സംഗം, ലൈംഗിക അക്രമം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയിലായി യുകെയില്‍ ഡസന്‍ കണക്കിന് പോലീസ് ഓഫീസര്‍മാരാണ് ശിക്ഷിക്കപ്പെട്ടത്.
അതിക്രമം, മോശം ചിത്രങ്ങള്‍ സൂക്ഷിക്കല്‍, അപമര്യാദയായി പെരുമാറല്‍, നിയന്ത്രിച്ച് നിര്‍ത്തല്‍ തുടങ്ങിയ വിവിധ കുറ്റങ്ങളും പോലീസുകാര്‍ നടത്തുന്നതായി സ്‌കൈ ന്യൂസ് അന്വേഷണം കണ്ടെത്തി. എന്നാല്‍ 48 സേനകളില്‍ 19 ഇടത്ത് നിന്ന് മാത്രമാണ് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഓഫീസര്‍മാരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലേറെയാകുമെന്നാണ് കരുതുന്നത്.
സൗത്ത് ലണ്ടന്‍ കാല്‍പാമിലെ വീട്ടിലേക്ക് നടന്ന് പോകവെയാണ് എവറാര്‍ഡിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസര്‍ വെയിന്‍ കൗസെന്‍സാണ് കുറ്റവാളി. എവറാര്‍ഡിന്റെ മരണത്തിന് ശേഷം ചുരുങ്ങിയത് 119 ഓഫീസര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 9 പേര്‍ ബലാത്സംഗ കേസിലാണ് അകത്തായത്.