ബ്രിട്ടനിലെ വാടക നിരക്കുകള്‍ പിടിവിട്ടു കുതിയ്ക്കുന്നു. പ്രധാന നഗരങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്താവുന്ന ദൂരത്ത് സ്ഥിതി ചെയ്യുന്ന ഇടങ്ങളില്‍ പോലും വാടക നിരക്കില്‍ കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തി.വരുമാനത്തിന്റെ നല്ലൊരു ശതമാനവും വാടകയായി കൊടുക്കേണ്ടി വരുകയാണ്.
നഗരങ്ങളിലെ വാടക താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് അല്‍പ്പം മാറിയുള്ള പട്ടണങ്ങളില്‍ താമസിച്ച് യാത്ര ചെയ്ത് ജോലിക്ക് എത്തുന്നതിന് മുന്‍ഗണന ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം ചെറു പട്ടണങ്ങളിലും വാടക നിരക്കുകള്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. നഗരങ്ങളിലെ വാടക താങ്ങാന്‍ കഴിയാത്ത നിലയിലേക്കും ഉയര്‍ന്നുകഴിഞ്ഞെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആറ് ബ്രിട്ടീഷ് നഗരങ്ങളിലും, പട്ടണങ്ങളിലുമാണ് പുതുതായി വാടകയ്ക്ക് നല്‍കുന്നവയുടെ ചെലവുകള്‍ വരുമാനത്തിന്റെ ഇരട്ടി വേഗത്തില്‍ കുതിച്ചതെന്ന് സൂപ്ലാ ഡാറ്റ പറയുന്നു. നിരക്കുകള്‍ കൈവിട്ട് ഉയര്‍ന്നതോടെ നിരവധി ആളുകള്‍ വലിയ നഗരങ്ങളില്‍ നിന്നും പുറത്തായി. ഇവര്‍ സമീപ പ്രദേശങ്ങളിലേക്ക് താമസം മാറുകയാണ് ചെയ്തിരിക്കുന്നത്.
അതേസമയം, പ്രധാന നഗരങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്താവുന്ന ദൂരത്ത് സ്ഥിതി ചെയ്യുന്ന ഇടങ്ങളില്‍ വാടക നിരക്കില്‍ കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 40% നിരക്ക് വര്‍ദ്ധിച്ച കമ്മ്യൂട്ടര്‍ ഏരിയകളും ഉണ്ടെന്ന് കണക്കുകള്‍ പറയുന്നു.
വാടക നിരക്കുകള്‍ മോര്‍ട്ട്‌ഗേജ് പേയ്‌മെന്റിനോളം തന്നെ ഉയര്‍ന്നിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സൂപ്ലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഡോണെല്‍ പറയുന്നു. ഈ ഘട്ടത്തില്‍ വാടകയ്ക്ക് താമസിക്കുന്നതാണോ, മെച്ചപ്പെട്ട മോര്‍ട്ട്‌ഗേജ് എടുത്ത് സ്വന്തം വീട് വാങ്ങുന്നതാണോ നല്ലതെന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.