യോഗ്യതയില്ലാത്ത കുടിയേറ്റക്കാരെ വന്‍ തോതില്‍ യുകെയിലെ കെയര്‍ ഹോമുകളില്‍ എത്തിക്കുന്നതായി റിപ്പോര്‍ട്ട്. 20,000 പൗണ്ട് വരെ ഈടാക്കി കെയര്‍ ഹോം ജോലികള്‍ വില്‍പ്പന നടത്തുന്ന ഇടനിലക്കാര്‍ ഒളിക്യാമറയില്‍ കുടുങ്ങി. കെയര്‍ ഹോം മേഖലയ്ക്കും, ഹോം ഓഫീസിനും ഞെട്ടല്‍ സമ്മാനിക്കുന്ന റിപ്പോര്‍ട്ട് ആണ് മെയില്‍ അന്വേഷണത്തില്‍ പുറത്തുവന്നത്. വന്‍തോതില്‍ വേക്കന്‍സികളുള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ കൂടാതെയാണ് പരിശീലനം നേടാത്ത, അമിതമായി ജോലി ചെയ്യേണ്ടി വരുന്ന, ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാത്തവരെ പ്രായമായ ആളുകളെ പരിപാലിക്കാനായി എത്തിക്കുന്നത്.
പണം നല്‍കി കെയര്‍ ജോലികള്‍ നേടുന്ന തട്ടിപ്പിനെ കുറിച്ചാണ് മെയില്‍ അന്വേഷണം. 20,000 പൗണ്ട് വരെയാണ് വിദേശ അപേക്ഷകരില്‍ നിന്നും ചില സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. തൊഴില്‍ കണ്ടെത്തി, വിസ സംഘടിപ്പിച്ച്, ഇവിടെ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ വഴിയൊരുക്കും. ബാപ്ടിസ്റ്റ് മിനിസ്റ്ററായ ഒരു ഉപദേശകന്‍ 9000 പൗണ്ട് നല്‍കിയാല്‍ മൂന്ന് ദിവസം കൊണ്ട് ജോലി തരപ്പെടുത്തി നല്‍കാമെന്നും, 100% വിജയം ഗ്യാരണ്ടിയാണെന്നും ഉറപ്പ് നല്‍കി.
2022ല്‍ കെയര്‍ മേഖലയിലെ ഉയര്‍ന്ന ഒഴിവുകള്‍ നികത്തായി മന്ത്രിമാര്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കിയത് മുതല്‍ സിസ്റ്റം വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായി വാച്ച്‌ഡോഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2021/22 കാലത്ത് അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയിലെ വേക്കന്‍സികള്‍ റെക്കോര്‍ഡായ 164,000 എത്തിയിരുന്നു. ഇതോടെയാണ് യുകെയില്‍ ജോലി ചെയ്യാനായി ജീവനക്കാരുടെ യോഗ്യതകള്‍ ഗവണ്‍മെന്റ് കുറച്ചത്.
ഇതോടെ കഴിഞ്ഞ വര്‍ഷം കെയര്‍ മേഖലയിലൂടെ ബ്രിട്ടനിലെത്തിയവരുടെ എണ്ണം റെക്കോര്‍ഡിട്ടു. കെയര്‍ വര്‍ക്കര്‍ വിസയില്‍ 349% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ യുകെയിലെത്തുന്ന ചില വിദേശ ജോലിക്കാരെ അടിമകളെ പോലെയാണ് സ്ഥാപനങ്ങള്‍ നോക്കുന്നത്. ജോലി പോകുമെന്ന ഭീതിയില്‍ ഇവര്‍ പരാതിപ്പെടാനും ഭയക്കും. യുകെയില്‍ എങ്ങനെയും എത്താനും പിടിച്ചു നില്‍ക്കാനായും ശ്രമിക്കുന്നവരെ ചൂഷണം ചെയ്യുന്ന നടപടിയാണ് ഇടനിലക്കാര്‍ ഒരുക്കുന്നത്.