യുകെയില്‍ ആദ്യമായി വീട് വാങ്ങുന്ന നാലിലൊന്ന് പേരും 35 വര്‍ഷമോ, അതിലേറെയോ ദൈര്‍ഘ്യമുള്ള കാലാവധിയില്‍ മോര്‍ട്ട്‌ഗേജുകള്‍ ഒപ്പുവെയ്ക്കുന്നതായി കണക്കുകള്‍. യുകെ ഫിനാന്‍സിന്റെ കണക്ക് പ്രകാരമാണ് ഈ തോതില്‍ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണം റെക്കോര്‍ഡിട്ടത്.
2023 അവസാനം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും ഉന്നതിയില്‍ എത്തിയിരുന്നു. ആദ്യമായി വീട് വാങ്ങുന്നവരില്‍ ഹോം ലോണ്‍ എടുക്കുന്ന 23 ശതമാനം പേരും 35 വര്‍ഷത്തില്‍ കൂടുതല്‍ തിരിച്ചടവ് കാലയളവാണ് തെരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷം മുന്‍പ് 17 ശതമാനവും, 2021 അവസാനം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍പ് കേവലം 9 ശതമാനവുമായിരുന്നു ഈ നിരക്കുകള്‍.
ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് വഴി പ്രതിമാസ തിരിച്ചടവുകള്‍ കൂടുതല്‍ താങ്ങാവുന്ന നിലയിലേക്ക് മാറ്റാന്‍ കഴിയും, എന്നാല്‍ കാലം ചെല്ലുമ്പോള്‍ ആയിരക്കണക്കിന് പൗണ്ട് കടം കൂട്ടാനും ഇത് കാരണമാകും. പലരുടെയും റിട്ടയര്‍മെന്റ് കാലം വരെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നീളാനും ഇടയാകും.
ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള ഡീലുകളുടെ കാല്‍ശതമാനവും ഇപ്പോള്‍ 30 വര്‍ഷത്തിലേറെയുള്ള ലോണുകളാണ് കൈയടക്കി വെച്ചിരിക്കുന്നത്. മുന്‍പ് 25 വര്‍ഷത്തെ മോര്‍ട്ട്‌ഗേജായിരുന്നു പതിവ്. ഇതില്‍ നിന്നും മാറിയാണ് 35 വര്‍ഷത്തേക്ക് നീളുന്നതെന്ന് യുകെ ഫിനാന്‍സ് പറഞ്ഞു.