വര്‍ദ്ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കുഅധിക ബാദ്ധ്യത. ടിക്കറ്റ് നിരക്കുകള്‍ 4.9 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ സ്ഥിരം യാത്രക്കാര്‍ക്ക് നൂറു കണക്കിന് പൗണ്ടാണ് അധികമായി ചെലവിടേണ്ടി വരുക.
സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍, ഓരോ ദിവസവും ടിക്കറ്റ് വാങ്ങാതെ സീസണ്‍ ടിക്കറ്റ് എടുക്കുക എന്നത് പരിഹാര മാര്‍ഗമാണ്. ഏഴ് ദിവസത്തെ സീസണ്‍ ടിക്കറ്റ് എടുത്താല്‍ അതിന്റെ നിരക്ക് മൂന്നോ നാലോ ദിവസം, പ്രതിദിനം ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറവായിരിക്കും.
അതേസമയം, ആഴ്ച്ചയില്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും യാത്ര ചെയ്യുന്നവരാണെങ്കില്‍ ഒരു വര്‍ഷത്തേക്കുള്ള സീസണ്‍ ടിക്കറ്റ് എടുത്താല്‍ നൂറു കണക്കിന് പൗണ്ട് ലാഭിക്കാന്‍ കഴിയും.
ഫ്ളെക്സിബിള്‍ സീസണ്‍ ടിക്കറ്റ് വാങ്ങുക എന്നതാണ് പണം ലാഭിക്കാന്‍ മറ്റൊരു വഴി . 28 ദിവസ കാലയളവില്‍ 8 ദിവസത്തെ യാത്രകള്‍ക്കായി ഉപയോഗിക്കാവുന്നതാണ് ഈ ടിക്കറ്റുകള്‍. എന്നാല്‍, സ്ഥിരം യാത്രക്കാരനാണെങ്കില്‍, റെയില്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ ടിക്കറ്റിലും 60 ശതമാനം വരെ ലാഭിക്കാന്‍ കഴിയും. അതേസമയം 16- 25 പ്രായപരിധിയില്‍ ഉള്ളവര്‍ക്കും 60 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും ഉള്ള റെയില്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ മൂന്നില്‍ രണ്ട് ഭാഗം വരെ കുറവ് ലഭിക്കും. ടു ടുഗതര്‍ (നിങ്ങളും ഒരു സുഹൃത്തോ കുടുംബാംഗമോ ഒരുമിച്ച് യാത്ര ചെയ്യുന്നത്) കാര്‍ഡുള്ളവര്‍ക്കും ഈ കിഴിവ് ലഭ്യമാണ്.
ഈ റെയില്‍ കാര്‍ഡുകള്‍ക്കായി പ്രതിവര്‍ഷം 30 പൗണ്ടാണ് നല്‍കേണ്ടത്. എന്നാല്‍, ടെസ്‌കോ ക്ലബ്ബ്കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പോയിന്റിന് പകരമായി 15 പൗണ്ടിന് ഈ കാര്‍ഡുകള്‍ ലഭ്യമാകും. അതുപോലെ ട്രെയിന്‍ കമ്പനിയുമായി നേരിട്ട് ബുക്കിംഗ് ചെയ്താലും നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കും. അതുപോലെ നാഷണല്‍ റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റും ഇക്കാര്യത്തില്‍ സഹായകരമാണ്.
ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍, നേരിട്ട് ഒരു ടിക്കറ്റ് എടുക്കാതെ, സ്പ്ലിറ്റ് ചെയ്ത് എടുത്താലും നിരക്ക് കുറയ്ക്കാനാവും.
ഇതിനായി നിങ്ങള്‍ ട്രെയിന്‍ മാറി കയറേണ്ട ആവശ്യമില്ല. നിങ്ങളുടെ ടിക്കറ്റ് സ്പ്ലിറ്റ് ചെയ്യുവാന്‍ നാഷണല്‍ റെയില്‍ അനുവദിക്കുന്നുണ്ട്. ട്രെയിന്‍പാല്‍ പോലുള്ള ചില സൈറ്റുകള്‍, അധിക ഫീസ് ഒന്നും തന്നെ ഈടാക്കാതെ നിങ്ങളുടെ ടിക്കറ്റുകള്‍ സ്പ്ലിറ്റ് ചെയ്തുതരും. ടിക്കറ്റുകള്‍ കാലെക്കൂട്ടി ബുക്ക് ചെയ്തും നിങ്ങള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ലാഭം നേടാന്‍ കഴിയും.