റോച്ച്‌ഡേലില്‍ പലസ്തീന്‍ അനുകൂല വിവാദ നിലപാടുകളിലൂടെ സ്വതന്ത്രനായി വിജയിച്ച് കയറിയ ജോര്‍ജ്ജ് ഗാലോവേ പാര്‍ലമെന്റ് അംഗമായതിന് പിന്നാലെ ഇസ്രയേലിനെതിരെ വിവാദ പ്രസംഗവുമായി രംഗത്ത്. ഇസ്രയേലിനെ നാസി ജര്‍മ്മനിയോടാണ് ജോര്‍ജ്ജ് ഗാലോവേ ഉപമിച്ചത്. ഗാസയില്‍ നെതന്യാഹു വംശഹത്യക്കാണ് നേതൃത്വം നല്‍കുന്നതെന്നും എംപി പറഞ്ഞു. പലസ്തീനികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കൈകളില്‍ വംശഹത്യക്ക് ഇരകളാകുകയാണെന്ന് വെസ്റ്റ്മിന്‍സ്റ്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗാലോവേ ആരോപിച്ചു. കൂടാതെ ഹമാസിനെ അപലപിക്കാന്‍ തയ്യാറാകാത്ത എംപി ഇവരെ ഗാസയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയവരാണെന്നും പറഞ്ഞു.
പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ച് തെരഞ്ഞെടുപ്പ് വിജയിച്ച എംപി മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനവും നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുസ്ലീങ്ങളെ സംബന്ധിക്കുന്നതാണെന്നാണ് ഗാലോവേയുടെ നിലപാട്. റഷ്യ ടുഡേയുടെ മുന്‍ അവതാരകന്‍ കൂടിയായ എംപി, റഷ്യക്ക് എതിരെ പോരാടുന്ന യുക്രൈന് ബ്രിട്ടന്‍ നല്‍കുന്ന പിന്തുണയെ അനുകൂലിക്കാനും തയ്യാറായില്ല.
വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ബ്രിട്ടന്റെ സ്ഥാനാര്‍ത്ഥിയായാണ് ഗാലോവേ വിജയിച്ചത്. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധക്കാര്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെയും, ഇവരുടെ വീടുകളെയും, മണ്ഡലത്തിലെ ഓഫീസുകളെയും ലക്ഷ്യംവെയ്ക്കുന്നതിനാല്‍ എംപിമാരുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു വ്യക്തി എംപിയാകുന്നത്.