യുകെയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലെ മോഷണങ്ങളില്‍ വന്‍ കുതിപ്പ്. ഒരു വര്‍ഷത്തിനിടെ അഞ്ച് ഇരട്ടി വര്‍ദ്ധനവാണ് മോഷണങ്ങളില്‍ രേഖപ്പെടുത്തുന്നത്. 2023-ല്‍ മാത്രം 5.6 മില്ല്യണ്‍ മോഷണങ്ങള്‍ക്കാണ് തങ്ങള്‍ ഇരകളായതെന്ന് 49,000 ചെറുകിട കടയുടമകളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ വര്‍ഷത്തെ 1.1 മില്ല്യണ്‍ മോഷണങ്ങളില്‍ നിന്നുമാണ് ഈ കുതിച്ചുചാട്ടം. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം ചെറിയ ഷോപ്പുകളില്‍ 76,000 അക്രമ സംഭവങ്ങളും അരങ്ങേറിയതായി അസോസിയേഷന്‍ ഓഫ് കണ്‍വീനിയന്‍സ് സ്റ്റോഴ്‌സ് വ്യക്തമാക്കി. മുന്‍വര്‍ഷം ഇത് 41,000 ആയിരുന്നു.
മോഷണങ്ങളുടെയും, അക്രമങ്ങളുടെയും പ്രത്യാഘാതം സാമ്പത്തികവും, ശാരീരികമായും കടയുടമകള്‍ ഏറ്റുവാങ്ങേണ്ടിവരുകയാണ്. എന്നാല്‍ ഇതിന്റെ വില ഉപഭോക്താക്കള്‍ക്കും നല്‍കേണ്ടി വരുന്നുണ്ട്. മോഷ്ടിക്കപ്പെടുന്ന ഉത്പന്നങ്ങളും, കുറ്റകൃത്യങ്ങള്‍ ചെറുക്കാനുള്ള നടപടികള്‍ക്കുമായി ഓരോ വര്‍ഷവും ശരാശരി സ്‌റ്റോറിന് 6800 പൗണ്ടാണ് ചെലവ്. ഇതോടെ ഓരോ തവണ കടയില്‍ പോകുമ്പോള്‍ 10 പെന്‍സ് വീതം ക്രൈം ടാക്‌സാണ് ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുന്നതെന്ന് അസോസിയേഷന്‍ പറയുന്നു.
കടകളിലെ മോഷണങ്ങള്‍ നിയന്ത്രണവിധേയമാണെന്ന ഔദ്യോഗിക പോലീസ് കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് അസോസിയേഷന്‍ വക്താവ് പറഞ്ഞു. ഷോപ്പുകളിലെ മോഷണങ്ങള്‍ പോലീസ് ഗുരുതരമായി കണക്കാക്കണം. പോലീസില്‍ ഫോണ്‍ ചെയ്ത് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ അരമണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്.
കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും സ്‌റ്റോറുകളില്‍ 600 മോഷണങ്ങള്‍ നടക്കുന്നുവെന്നാണ് കണക്കാക്കുന്നത്. മയക്കുമരുന്ന് അടിമകളും, മദ്യപാനികളുമാണ് പ്രധാന വില്ലന്‍മാര്‍. ഇതിന് പുറമെയാണ് സംഘടിത കുറ്റവാളി സംഘങ്ങളുടെയും പ്രവര്‍ത്തനം.