പുതിയ നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ നിലവില്‍ വരാനിരിക്കെ, അസ്ദയ്ക്കു പിന്നാലെ ടെസ്‌കോയും അവരുടെ ജീവനക്കാരുടെ വേതനത്തില്‍ വര്‍ദ്ധനവ് വരുത്തി. നിലവില്‍ മണിക്കൂറിന് 11.02 പൗണ്ട് എന്നത് 12.02 പൗണ്ട് ആയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂറില്‍ 13.15 പൗണ്ട് ലഭിക്കും. രണ്ടു ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് ടെസ്‌കോ അവകാശപ്പെടുന്നത്.
നാഷണല്‍ ലിവിംഗ് വേതനത്തേക്കാള്‍ കൂടുതലാണ് ടെസ്‌കോയുടെ റിയല്‍ ലിവിംഗ് വേതനം. ഇത് എല്ലാ ജീവനക്കാര്‍ക്കും ലഭിക്കും. മിനിമം വേതനം എന്ന് അറിയപ്പെടുന്ന നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മാസത്തോടെ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരും. മാത്രമല്ല, ഇതാദ്യമായി ഇത്തവണ മിനിമം വേതനം 21-22 പ്രായക്കാര്‍ക്കും ബാധകമാവും.
ഇതിന്റെ ഭാഗമായി പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം കഴിഞ്ഞ ചില ആഴ്ച്ചകളിലായി തങ്ങളുടെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. സെയ്ന്‍സ്ബറി, അസ്ദ, ലിഡ്ല്‍, ആള്‍ഡി, എം ആന്‍ഡ് എസ് എന്നിവയോക്കെജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലണ്ടന് പുറത്ത് ജോലി ചെയ്യുന്നവരുടെ ശമ്പളം ഇവര്‍ എല്ലാവരും തന്നെ 12 പൗണ്ടിന് മുകളില്‍ ആയാണ് വര്‍ദ്ധിപ്പിച്ചത്.
ആള്‍ഡിയുടെ വര്‍ദ്ധിപ്പിച്ച ശമ്പളം ഫെബ്രുവരി മുതല്‍ നിലവിലുണ്ട്. അതേസമയം ലിഡ്ല്‍, സെയ്ന്‍സ്ബറി എന്നിവര്‍ മാര്‍ച്ചില്‍ ആയിരിക്കും വര്‍ദ്ധിപ്പിച്ച ശമ്പളം കൊടുത്തു തുടങ്ങുക. എംആന്‍ഡ് എസിലെ ശമ്പള വര്‍ദ്ധന പ്രാബല്യത്തില്‍ വരിക ഏപ്രില്‍ മുതലാണെങ്കില്‍ അസ്ദ ഏപ്രിലില്‍ ഒരു ഇടക്കാല വര്‍ദ്ധന നടപ്പിലാക്കുകയും പിന്നീട് ജൂലൈ ഒന്നു മുതല്‍ പൂര്‍ണ്ണമായി വര്‍ദ്ധിപ്പിച്ച വേതനം നല്‍കിത്തുടങ്ങുകയും ചെയ്യും.
വേതന വര്‍ദ്ധനവിന് പുറമെ പറ്റേണിറ്റി ലീവ് പൂര്‍ണ്ണ വേതനത്തോടെ ആറ് ആഴ്ച്ചയാക്കുവാനും ടെസ്‌കൊ തീരുമാനിച്ചു. അതിനുപുറമെ സിക്ക് പേ ലീവിനുള്ള അര്‍ഹത 18 ആഴ്ച വരെയായും കൂട്ടും.