ലിവര്‍പൂള്‍: ലിവര്‍പൂളിനടുത്ത് വിസ്റ്റണില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് ജോമോള്‍ ജോസി (55)ന് വികാര നിര്‍ഭരമായ വിടവാങ്ങല്‍ നല്‍കി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ഫെബ്രുവരി 20ന് വിടപറഞ്ഞ ജോമോള്‍ക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരുന്നത്.
രാവിലെ പത്തരയ്ക്ക് ജോമോളുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫ്യൂണറല്‍ ഡിറക്ടറേറ്റിന്റെ വാഹനം പ്രീസ്സ്‌കോട്ട് ഹോസ്പിറ്റലിന് മുന്‍പിലൂടെ കടന്നു പോയപ്പോള്‍ ജോമോള്‍ക്കു ആദരവറിയിച്ചുകൊണ്ട് ജോമോളുടെ സഹപ്രവര്‍ത്തകര്‍ ഹോസ്പിറ്റലിന് മുന്‍പില്‍ അണിനിരന്നു. പിന്നീട് മൃതദേഹം സെന്റ് ലുക്‌സ് കത്തോലിക്ക പള്ളിയില്‍ എത്തിയപ്പോള്‍ പള്ളിയും പരിസരവും ജനക്കൂട്ടംകൊണ്ട് നിറഞ്ഞിരുന്നു അമേരിക്ക , യൂറോപ്പ് ,ഓസ്‌ട്രേലിയ എന്നിവിടങ്ങളിള്‍ നിന്ന് ആളുകള്‍ മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു .
കഴിഞ്ഞ 21 വര്‍ഷമായി ലിവര്‍പൂള്‍ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന കുറുമുളൂര്‍ പൂത്തറയില്‍ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമായ ജോമോള്‍ക്കു മൂന്നു മക്കളുമുണ്ട്. പള്ളിയില്‍ ആരംഭിച്ച ജോമോളുടെ ശവസംസ്ക്കാര ശുശ്രൂഷയില്‍ ഇംഗ്ലീഷ്, മലയാളി സമൂഹത്തില്‍ നിന്നുള്ള 8 വൈദികര്‍ പങ്കെടുത്തിരുന്നു.
ജോമോള്‍ കുറച്ചു മാസങ്ങളായി കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. അടുത്ത ദിവസം നാട്ടില്‍പോയി എല്ലാവരെയും കണ്ടതിനു ശേഷം യു കെയില്‍ എത്തിയപ്പോഴാണ് രോഗം മൂര്‍ച്ഛിച്ചത് . മക്കള്‍ ‘അമ്മ തങ്ങള്‍ക്കു എന്തായിരുന്നു എന്ന് അവരുടെ അനുഭവത്തിലൂടെ വിവരിച്ചപ്പോള്‍ കേട്ടിരുന്നവരുടെ കണ്ണുനിറഞ്ഞു .
തികച്ചും വിനയവും ,സൗഹാര്‍ദ്ദപരമായ പെരുമാറ്റം കൊണ്ടുമാണ് ജോമോള്‍ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയതെന്നു പള്ളിയില്‍ അനുശോചനം സമ്മേളനത്തില്‍ സംസാരിച്ച എല്ലാവരും പറഞ്ഞു.
പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം നോസിലി സെമിത്തേരിയില്‍ മൃതദേഹം കൊണ്ടുപോയി. മൃതദേഹത്തില്‍ അന്ത്യ ചുംബനം നല്‍കി പട്ടളക്കാരനായിരുന്ന ഭര്‍ത്താവ് ജോസ് അബ്രഹാം നല്‍കിയ സലൂട്ട് കണ്ടുനിന്നവരുടെ മനസില്‍ സങ്കടമുണര്‍ത്തി.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ലീമ ,ലിംകാ ,യുക്മ ,എല്‍ കെഎഫ്എഫ്, യുകെകെസിഎ ,വിസ്റ്റണ്‍ കുടുംബ കൂട്ടായ്മ ഉള്‍പ്പെടെ ധാരാളം സംഘടനകളും വ്യക്തികളും മൃതദേഹത്തില്‍ റീത്തു സമര്‍പ്പിച്ചു.