ഒരു വര്‍ഷത്തിനിടെ ബ്രിട്ടന്റെ കുടിയേറ്റ ജനസംഖ്യ 315,000 വര്‍ധിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പത്ത് മില്ല്യണ്‍ ജനങ്ങള്‍ ജോലിയില്‍ നിന്നും പുറത്തിരിക്കുന്ന ഘട്ടത്തിലാണ് ഈ വാദം. ബ്രിട്ടനിലെ ആളുകള്‍ വീടുകളില്‍ തുടരുമ്പോള്‍ വിദേശ ജോലിക്കാരെ എടുക്കുന്നത് സദാചാരപരമായും, സാമ്പത്തികപരമായും തെറ്റാണെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ ദീര്‍ഘകാല നെറ്റ് മൈഗ്രേഷന്‍ പ്രവചനങ്ങളാണ് പ്രതിവര്‍ഷ കുടിയേറ്റം 240,000-ല്‍ നിന്നും 315,000-ലേക്ക് എത്തുമെന്നു മുന്നറിയിപ്പ് നല്‍കുന്നത്. 2028-ഓടെ ഈ വര്‍ധന പ്രകടമാകും. ടോറി ഭരണകൂടം പ്രശ്‌നം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും വിജയം കാണുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡോങ്കാസ്റ്റര്‍ നഗരത്തിന്റെ വലുപ്പത്തില്‍ ആളെ നിറയ്ക്കാന്‍ പര്യാപ്തമായ തോതില്‍ കുടിയേറ്റം നടക്കുമെന്നാണ് പുതിയ പ്രവചനം സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് 900,000 തൊഴില്‍ അവസരങ്ങളാണ് ഉള്ളതെന്ന് ഹണ്ട് പറയുന്നു. അതുകൊണ്ട് തന്നെ ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ ജോലി ചെയ്യാന്‍ കഴിയുമെങ്കില്‍ അതിന് തയ്യാറാകണമെന്നാണ് ചാന്‍സലറുടെ നിലപാട്.
നികുതി കുറയ്ക്കുന്ന നടപടികള്‍ ഉണ്ടെങ്കിലും നികുതി പരിധി മരവിപ്പിച്ച് നിര്‍ത്തിയ നടപടി കൂടുതല്‍ ആളുകളെ ഉയര്‍ന്ന നികുതി ബ്രാക്കറ്റിലേക്ക് വലിച്ചിഴക്കുമെന്നാണ് ഒബിആര്‍ മുന്നറിയിപ്പ്. പരിധി വര്‍ദ്ധിപ്പിക്കാതെ മരവിപ്പിച്ചത് വഴി 2.7 മില്ല്യണിലേറെ ജോലിക്കാരാണ് ഉയര്‍ന്ന ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്.