യുകെയില്‍ വര്‍ധിച്ചുവരുന്ന തട്ടിപ്പുകളെക്കുറിച്ച് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി വിസ യുകെ. പലര്‍ക്കും തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ നഷ്ടമായതിന്റെ റിപ്പോര്‍ട്ടുകള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നതോടെയാണിത് . 'ഹായ് മോം' തട്ടിപ്പിലൂടെ തനിക്ക് 3600 പൗണ്ട് നഷ്ടമായതായി ഡെവോണില്‍ നിന്നുള്ള അമന്‍ഡ മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പ് സംഘം അവരുടെ സ്വന്തം മകനെന്ന വ്യാജേനയാണ് അമാന്‍ഡയെ സമീപിച്ചത്. തട്ടിപ്പ് സംഘത്തില്‍ ഒരാള്‍ തന്റെ (അമാന്‍ഡയുടെ മകന്റെ) ഫോണ്‍ വെള്ളത്തില്‍ വീണെന്നും പ്രവര്‍ത്തിക്കുന്നില്ല എന്നും പറഞ്ഞ് വിളിക്കുകയായിരുന്നു.
തന്റെ സുഹൃത്തുക്കള്‍ നല്‍കിയ പഴയ ഫോണ്‍ ആണ് ഇപ്പോള്‍ കൈയ്യിലുള്ളതെന്നും പഴയ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് പറഞ്ഞത്. ഈ സന്ദേശം ലഭിച്ച അമാന്‍ഡ മകനെ വിളിക്കുവാന്‍ ശ്രമിച്ചെങ്കിലും കോള്‍ എടുത്തിരുന്നില്ല. പിന്നാലെ 'മിസ് യു', 'കാണാനായി കാത്തിരിക്കുന്നു' തുടങ്ങിയ മെസ്സേജുകളും അവര്‍ക്ക് ലഭിച്ചു.
ഇത്തരത്തിലുള്ള മെസ്സേജുകള്‍ക്ക് പിന്നാലെയാണ് തട്ടിപ്പ് സംഘത്തില്‍ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. താന്‍ വളരെയധികം സമ്മര്‍ദ്ദത്തില്‍ ആണെന്നും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണെന്നും സന്ദേശത്തില്‍ പറയുന്നു. തന്റെ ബിസിനസ് തകര്‍ന്നെന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ വലിയൊരു തുക സഹായത്തിനായി ആവശ്യപ്പെടുകയായിരുന്നു. അമാന്‍ഡ മകന് എന്ന ധാരണയില്‍ 1700 പൗണ്ടും 1900 പൗണ്ടും വീതം രണ്ടുതവണയായി ഇവര്‍ക്ക് പണം നല്‍കി. പിന്നീടാണ് ചതിക്കപ്പെട്ടെന്നു മനസിലാകുന്നത്.
പലപ്പോഴും സുഹൃത്തുക്കളായും കുടുംബാംഗങ്ങളായും ആള്‍മാറാട്ടം നടത്തിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ഇരകളെ സമീപിക്കുക. ഇതിന് പിന്നാലെയാണ് ഈ മാതൃദിനത്തില്‍ അറിയാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കും എതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് യുകെ ആന്‍ഡ് ഐ മാനേജിംഗ് ഡയറക്ടര്‍ മാന്‍ഡി ലാം രംഗത്ത് വന്നത്. സംശയം തോന്നുന്ന തരത്തിലുള്ള ഫോണ്‍ കോളുകളും സന്ദേശങ്ങളും ശ്രദ്ധിക്കുക. നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടുന്ന ടെക്സ്റ്റ് മെസ്സേജുകള്‍ ലഭിക്കുകയാണെങ്കില്‍ ഇവയിലെ വസ്തുത ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഇവയ്ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കുക.
നിയമാനുസൃതമായ സ്ഥാപനങ്ങളും മറ്റും മുന്നറിയിപ്പില്ലാതെ വ്യക്തിപരമായ വിവരങ്ങളും വിശദാംശങ്ങളും ആവശ്യപ്പെടുകയില്ല എന്ന് പൊതുജനങ്ങള്‍ അറിഞ്ഞിരിക്കണമെന്നും വിസ യുകെ പറയുന്നു. ഏതെങ്കിലും തരത്തില്‍ സംശയം തോന്നുന്ന സന്ദേശങ്ങള്‍ ലഭിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുന്ന ഒരാളുമായി ഇത് പങ്കുവയ്ക്കുക, ചിലപ്പോള്‍ അവര്‍ക്കും അപ്പ് സമാന തരത്തിലുള്ള സന്ദേശം ലഭിച്ചിരിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ വിദഗ്ധോപദേശം സ്വീകരിക്കാനും ശ്രമിക്കണമെന്ന് വിസ യുകെ പറയുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് വളരെ വ്യാപകമായതോടെ ആളുകള്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും കാണിക്കണമെന്നാണ് ഉപദേശം.