ബ്രിട്ടനിലെ വീട് വിലയില്‍ പ്രതീക്ഷിച്ചത്ര ഇടിവ് ഉണ്ടാവുകയില്ലെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ ഓഫീസ് ഫോര്‍ ബജറ്ററി റെസ്പോണ്‍സിബിലിറ്റീസിന്റെ പ്രവചനം. ഒ ബി ആറില്‍ നിന്നുള്ള പുതിയ കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷത്തെ വീടു വിലയിലെ ഇടിവ് നേരത്തെ പ്രവചിച്ചിരുന്നത് പോലെ അഞ്ചു ശതമാനം ആയിരിക്കില്ല, രണ്ടു ശതമാനം മാത്രമെ ഉണ്ടാവുകയുള്ളു. ബജറ്റിനൊപ്പം പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്, 2024 ന്റെ അന്ത്യ പാദം എത്തുമ്പോള്‍ വീടുകളുടെ ശരാശരി വിലയില്‍ അല്‍പം ഇടിവ് നേരിട്ട് 2,75,000 പൗണ്ട് ആകുമെന്നാണ്. വീടുവില അധികം ഇടിയില്ലെന്നത് വീട്ടുടമകള്‍ക്കു ആശ്വാസമാകുമ്പോള്‍ വാങ്ങലുകാര്‍ക്കു അത് തിരിച്ചടിയാണ്.
എന്നാല്‍, മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയും എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ 2027- ലും 2028-ലും വീടുകളുടെ വിലയില്‍ 3.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞവര്‍ഷം അവസാനത്തോടെ തന്നെ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. എന്നാല്‍, അടുത്ത ഏതാനും ആഴ്ച്ചകളില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുമുണ്ട്.
വരുന്ന മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തില്‍ എത്തുന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുവാന്‍ കഴിയും. ഇത് ഈ വര്‍ഷം അവസാനത്തോടെ കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക വായ്പകള്‍ ലഭിക്കുന്നതിന് വഴിയൊരുക്കും. ഈ വര്‍ഷം ആഗസ്റ്റിലായിരിക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, പലിശ നിരക്കില്‍ ആദ്യ കുറവ് പ്രഖ്യാപിക്കുക എന്നാണ് സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
2024 നവംബറില്‍ വീട് വിലയില്‍ അഞ്ചു ശതമാനത്തിന്റെ കുറവ് പ്രതീക്ഷിച്ചിരുന്ന സ്ഥലത്ത് രണ്ടു ശതമാനത്തിന്റെ കുറവ് മാത്രമെ ദൃശ്യമാവുകയുള്ളു എന്ന് ഒ ബി ആര്‍ പറയുന്നു. ഇതിന് പ്രധാന കാരണം മോര്‍ട്ട്ഗേജ് നിരക്ക് കുറയും എന്ന പ്രവചനമാണെന്നും അവര്‍ വ്യക്തമാക്കുന്നു. പിന്നീട് 2026ല്‍ വീടുകളുടെ വിലയില്‍ രണ്ടു ശതമാനത്തിന്റെയും 2027- ലും 2028- ലും 3.5 ശതമാനത്തിന്റെയും വര്‍ദ്ധനവ് ഉണ്ടാകും. അതുവഴി 2027 ആദ്യ പാദമാകുമ്പോഴേക്കും വീടുകളുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നും ഒ ബി ആര്‍ പ്രവചിക്കുന്നു.