ജനങ്ങളുടെ മാനസിക ഉല്ലാസത്തില്‍ ബ്രിട്ടണ്‍ ഇന്ത്യയ്ക്കും വളരെ പിന്നില്‍! ; 71 രാജ്യങ്ങളില്‍ 70-ാം സ്ഥാനത്ത്
സമ്പത്തും പുരോഗതിയും ജനങ്ങളുടെ മാനസിക ഉല്ലാസത്തില്‍ വലിയ ഘടകമല്ലെന്ന് ഏറ്റവും പുതിയ മാനസികോല്ലാസ സൂചിക. കാരണം വികസിത രാജ്യമായ ബ്രിട്ടനേക്കാള്‍ ആളുകള്‍ ഉല്ലാസവാന്മാരായിട്ടുള്ളത് യമനിലും യുക്രൈനിലുമാണെന്ന് സൂചിക കാണിക്കുന്നു. 71 രാജ്യങ്ങളില്‍ നിന്നായി 5 ലക്ഷം പേരുടെ പ്രതികരണമാരാഞ്ഞ് അമേരിക്കന്‍ സ്ഥാപനമായ സാപിയന്‍ ലാബ്സ് ആണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
മാനസിക ഉല്ലാസത്തിന് ഭൗതിക വികസനവുമായോ സാമ്പത്തിക വളര്‍ച്ചയുമായോ വലിയ ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് സൂചിക. അല്ലെങ്കില്‍ യുദ്ധവും കെടുതികളും ഉള്ള യമനും യുക്രൈനും യുകെയുടെ മുകളിലെത്തില്ല.
തങ്ങളുടെ ജീവിത പശ്ചാത്തലവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിനുള്ള കഴിവിനെ മാനസികാവസ്ഥ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പറയുന്നത് കടുത്ത മനുഷ്യാവകാശ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും യമനികള്‍ ബ്രിട്ടീഷുകാരേക്കാളും ഓസ്സ്ട്രേലിയക്കാരെക്കാളും കൂടുതലായി തങ്ങളുടെ സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നു എന്നാണ്.
ധാരാളം പണവും ഭൗതിക സാഹചര്യങ്ങളും ഒരിക്കലും മാനസികോല്ലാസം പ്രദാനം ചെയ്യില്ല എന്നതിന് തെളിവായി, ലോകത്തിലെ സമ്പന്ന രാജ്യങ്ങള്‍ ഒക്കെയും തന്നെ പൊതുവെ മോശപ്പെട്ട പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. അതുപോലെ സാങ്കേതിക വിദ്യയിലെ മുന്നേറ്റവും മാനസികോല്ലാസത്തിന് വിപരീത സ്വാധീനം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക വിദ്യയില്‍ കാര്യമായ മുന്നേറ്റമൊന്നും സൃഷ്ടിക്കാത്ത ശ്രീലങ്കയും ടാന്‍സാനിയയുമൊക്കെ മാനസികോല്ലാസ സൂചികയില്‍ താരതമ്യേന ഉയര്‍ന്ന സ്ഥാനങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്.
ഇതിന് പ്രധാന കാരണം ഇന്റര്‍നെറ്റ് തന്നെയാണെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡിന് ശേഷം ഒട്ടുമിക്ക വന്‍ നഗരങ്ങളിലും പ്രാബല്യത്തില്‍ വന്ന വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം മാനസികോല്ലാസത്തെ പ്രതികൂലമായി ബാധിച്ചു. ഡേറ്റിംഗും ഷോപ്പിംഗുമൊക്കെ ഓണ്‍ലൈനില്‍ ആയപ്പോള്‍ ലൈംഗിക ബന്ധത്തിന് വരെ സ്വാഭാവികത നഷ്ടമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം, ഇന്റര്‍നെറ്റിലൂടെയുള്ള സാംസ്‌കാരിക യുദ്ധങ്ങള്‍ മനുഷ്യരുടെ മാനസിക നിലയെ വലിയൊരു പരിധിവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. സൈബര്‍ ആക്രമണം
സൂചികയില്‍ ഒന്നാം സ്ഥാനത്ത് ഡൊമിനിക്കന്‍ റിപ്പബ്ലിക് എത്തിയപ്പോള്‍, ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. താന്‍സാനിയ, പനാമ, മലേഷ്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും, നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്. അതുപോലെ ഉസ്ബക്കിസ്ഥാന്‍ ഏറ്റവും അവസാന സ്ഥാനത്ത് എത്തിയപ്പോള്‍ തൊട്ടു മുകളില്‍ മാനസികോല്ലാസം തീരെ ഇല്ലാത്ത രാജ്യമായി ബ്രിട്ടന്‍ ഇടം പിടിച്ചു. ഇതില്‍ 61-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് .