ആവശ്യത്തിന് ജീവനക്കാരില്ലാത്ത അന്തരീക്ഷത്തില്‍ കനത്ത സമ്മര്‍ദത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ജോലി ചെയ്യേണ്ട സ്ഥിതി കാന്‍സര്‍ ചികിത്സയെ അടക്കം ബാധിക്കുന്നു. ഇംഗ്ലണ്ടിലെ കാന്‍സര്‍ രോഗികള്‍ ഇതുമൂലം അപകടത്തിലാകുന്നുവെന്നാണ് ഔദ്യോഗിക കംപ്ലെയിന്റ്‌സ് ഗ്രൂപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെയും, എന്‍എച്ച്എസ് ഇംഗ്ലണ്ടിനെയും സംബന്ധിച്ച് പരാതികള്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി & ഹെല്‍ത്ത് സര്‍വ്വീസ് ഓംബുഡ്‌സ്മാന്‍ 2020 ഏപ്രില്‍ മുതല്‍ 2023 ഡിസംബര്‍ വരെ നടത്തിയ ക്യാന്‍സര്‍ രോഗികളുമായി ബന്ധപ്പെട്ട പരാതികളിലെ 1019 അന്വേഷണങ്ങളില്‍ 185 കേസുകളും ശരിവെച്ചിട്ടുണ്ട്.
യോര്‍ക്കില്‍ നിന്നുള്ള സാന്ത്രാ ഈസ്റ്റ്‌വുഡ് 2022 മേയില്‍ മരിച്ചിരുന്നു. അപൂര്‍വ്വമായ ക്യാന്‍സര്‍ ബാധിച്ചെങ്കിലും ചികിത്സിച്ചെങ്കില്‍ 95% രക്ഷാസാധ്യത നിലനിന്നിരുന്നു. എന്നാല്‍ സാന്ത്രയുടെ സ്‌കാനുകള്‍ കൃത്യമായി തിരിച്ചറിയുന്നതില്‍ വീഴ്ച വന്നതോടെ ചികിത്സ ലഭിക്കാതെയായിരുന്നു മരണം.
രോഗികളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രധാന വിഷയം സ്റ്റാഫിംഗ് ലെവല്‍ പ്രശ്‌നങ്ങളാണെന്ന് ഓംബുഡ്‌സ്മാന്‍ റോബ് ബെഹ്‌റെന്‍സ് പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷിതവും, ഫലപ്രദവുമായ പരിചരണത്തിന് യോഗ്യതയുണ്ട്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അന്തരീക്ഷത്തില്‍ രോഗികളുടെ സുരക്ഷ എപ്പോഴും അപകടത്തിലാകും, ഓംബുഡ്‌സ്മാന്‍ പറഞ്ഞു.
എന്‍എച്ച്എസിന്റെ ദീര്‍ഘദൂര പദ്ധതി പ്രകാരം ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പരിശീലിപ്പിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുകയാണ്.