ഹണ്ടിന്റെ ബജറ്റിലെ പൊടിക്കൈകളും ഏറ്റില്ല; ടോറികള്‍ക്കെതിരെ ലേബര്‍ ലീഡില്‍ 16 പോയിന്റ് വര്‍ധന
പ്രതികൂല സാഹചര്യത്തിലും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ടാക്‌സ് നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തിയും മറ്റും ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ബജറ്റ് പൊടിക്കൈകളും ജനങ്ങളെ കാര്യമായി സ്വാധീനിച്ചില്ല. ആകെ നികുതിയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് നികുതി കുറയുമെന്ന് കരുതുന്നവരേക്കാള്‍ ഇരട്ടി വോട്ടര്‍മാരാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ബജറ്റിന് ശേഷം ലേബര്‍ പാര്‍ട്ടിക്ക് എതിരെ ടോറികള്‍ രണ്ട് പോയിന്റ് പിന്നിലേക്ക് പോയെന്നും ഒബ്‌സേര്‍വര്‍ നടത്തിയ ഒപ്പീനിയം പോള്‍ പറയുന്നു.
സമ്പദ് വ്യവസ്ഥ തിരിച്ചുവന്നുവെന്ന് ഉറപ്പിക്കാന്‍ കഴിയുന്ന ബജറ്റ് അവതരണമാണ് ഹണ്ടും, പ്രധാനമന്ത്രിയും ആഗ്രഹിച്ചിരുന്നത്. ആളുകളുടെ പോക്കറ്റില്‍ പണം തിരിച്ചെത്തിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ നികുതി കുറയ്ക്കുന്നതിനാണ് സുനാക് പ്രാമുഖ്യം നല്‍കിയത്. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ 2 ശതമാനം പോയിന്റ് വെട്ടിക്കുറവ് വരുത്തിയതാണ് പ്രധാന പ്രഖ്യാപനം.
എന്നാല്‍ നികുതി പരിധി മരവിപ്പിച്ച് നിര്‍ത്തുന്നത് തുടരുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഉയര്‍ന്ന നിരക്കില്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുമെന്നതാണ് വിമര്‍ശന വിധേയമാകുന്നത്. ബജറ്റിന് പിന്നാലെ ടോറികള്‍ രണ്ട് പോയിന്റ് താഴ്ന്ന് കേവലം 25 ശതമാനത്തിലേക്കാണ് എത്തിയത്. എന്നാല്‍ ലേബര്‍ പാര്‍ട്ടി ഒരു പോയിന്റ് താഴ്ന്ന് 41 ശതമാനത്തിലുമാണ്.
ഇതോടെ ലേബര്‍ പാര്‍ട്ടിയുടെ ലീഡ് 16 പോയിന്റാണ്. ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറച്ചെങ്കിലും നികുതി ഉയരുകയാണ് ചെയ്യുന്നതെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 31% പേരും ചൂണ്ടിക്കാണിച്ചു. 17% പേരാണ് മറിച്ച് ചിന്തിച്ചത്. 29% പേര്‍ യാതൊരു മാറ്റവുമില്ലെന്നും പറയുന്നു.
ചാന്‍സലര്‍ ഹണ്ടിന്റെ നെറ്റ് അപ്രൂവല്‍ റേറ്റിംഗിലും ഇടിവ് രേഖപ്പെടുത്തി. 22% പേര്‍ ജോലി കൃത്യമായി ചെയ്യുന്നുവെന്ന് അംഗീകരിക്കുമ്പോള്‍, 45% പേര്‍ ഹണ്ടിന്റെ പ്രകടനം തള്ളുകയാണ്.