ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന കെയ്റ്റ് രാജകുമാരി വിന്‍ഡ്‌സറിലെ വീട്ടില്‍ വിശ്രമത്തിലാണ്. ക്രിസ്മസിന് ശേഷം കൊട്ടാരം പുറത്തുവിട്ട കെയ്റ്റ് രാജകുമാരിയുടേയും മക്കളുടേയും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദേഴ്‌സ് ഡേ സ്‌പെഷ്യല്‍ ചിത്രമാണ് പുറത്തുവന്നത്.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് ഓഫ് വെയ്ല്‍സിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.
തന്റെ മൂന്ന് മക്കള്‍ക്കൊപ്പം ഇരിക്കുന്ന രാജകുമാരിയുടെ ചിത്രത്തിന് താഴെ മാതൃദിനാശംസകളും നേര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ ചിത്രത്തിന്റെ വിശ്വാസ്യതയില്‍ സംശയിച്ച് എ എഫ് പി ഉള്‍പ്പടെയുള്ള പല ന്യുസ് ഏജന്‍സികളും അവരുടെ സര്‍വീസില്‍ നിന്നും ഇന്നലെ ഈ ചിത്രത്തെ ഒഴിവാക്കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച ആദ്യം വിന്‍ഡ്‌സറില്‍ വെച്ച്, കെയ്റ്റ് രാജകുമാരിയുടെ ഭര്‍ത്താവായ വില്യം രാജകുമാരന്‍ എടുത്തതാണ് ഈ ചിത്രം എന്നാണ് കൊട്ടാരം ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാല്‍, ഈ ചിത്രത്തില്‍ കൃത്രിമത്വം നടന്നിട്ടുണ്ട് എന്നാരോപിച്ച് എ എഫ് പിയുടെ സിസ്റ്റത്തില്‍ നിന്നും ഇത് നീക്കം ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു., മറ്റു ചില ന്യുസ് ഏജന്‍സികളും ഇത് നീക്കം ചെയ്തിട്ടുണ്ട്. ഉദര ശസ്ത്രക്രിയയ്ക്കായി ഇക്കഴിഞ്ഞ ജനുവരി 16 ന് ലണ്ടന്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച ശേഷം കൊട്ടാരം ആദ്യമായിട്ടാണ് ഇപ്പോള്‍ കെയ്റ്റ് രാജകുമാരിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ഷാര്‍ലെറ്റ് രാജകുമാരിയുടെ ഇടതുകൈയിലാണ് പിശകുണ്ടായത്. ഇതോടെ ചിത്രം ഫോട്ടോഷോപ്പ് പിഴവിന്റെ പേരില്‍ പിന്‍വലിക്കുകയായിരുന്നു.