യുകെയില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ള മുതിര്‍ന്നവരില്‍ അഞ്ചിലൊന്ന് പേരും മടിപിടിച്ചിരിക്കുന്നു!
യുകെയില്‍ അഭ്യസ്ത വിദ്യരും ജോലി ചെയ്യാന്‍ പ്രാപ്തിയുള്ളവരും തൊഴില്‍ രഹിതരായി തുടരുന്നതിന്റെ എണ്ണം കുതിച്ചുയരുന്നു. യുകെയില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ള മുതിര്‍ന്നവരില്‍ അഞ്ചിലൊന്ന് ആളുകള്‍ ജോലി അന്വേഷിക്കുന്നില്ല എന്ന കണക്കുകള്‍ പുറത്തു വന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ പിന്നോട്ടടിക്കുന്നതില്‍ ഇതിനു പ്രധാന പങ്കുണ്ട്. യുകെയുടെ എക്കണോമിക് ഇനാക്ടിവിറ്റി റേറ്റ് നവംബറിനും ജനുവരിക്കും ഇടയില്‍ 21.8 % ആണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
യുകെയില്‍ 16നും 64 നും ഇടയില്‍ പ്രായമുള്ള 9.2 ദശലക്ഷം ആളുകള്‍ ജോലി ഇല്ലാത്തവരാണെന്നത് മാത്രമല്ല ജോലി അന്വേഷിക്കുകയോ ചെയ്യുന്നില്ല. പാന്‍ഡമിക്കിന്റെ മുമ്പുള്ളതിനേക്കാള്‍ 700,000 കൂടുതലാണ് ഈ കണക്കുകള്‍. എന്‍ എച്ച് എസ് പോലുള്ള പലസ്ഥലങ്ങളിലും ആവശ്യത്തിന് വിദഗ്ധ ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുമ്പോഴാണ് ഇത്രയും അധികം ആളുകള്‍ ജോലി ചെയ്യാന്‍ താല്‍പര്യം കാട്ടുന്നില്ലെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം യുകെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വീണത്തിന്റെ കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മയുടെ തോത് കൂടിയതാണ് . പലരും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശാരീരികമായ അസുഖങ്ങള്‍ ഒരു കാരണമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ചാന്‍സിലര്‍ ജെറമി ഹണ്ട് തന്റെ ബജറ്റില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്ക് വീണ്ടും കുറച്ചതും ചൈല്‍ഡ് ബെനിഫിറ്റ് കിട്ടാനുള്ള വരുമാന പരുധി ഉയര്‍ത്തിയതും ഈ നടപടിയുടെ ഭാഗമായാണ് .
കോവിഡിന് ശേഷം വര്‍ക്ക് അറ്റ് ഹോം നടപ്പാക്കിയശേഷം തിരികെ ജോലിസ്ഥലത്തേക്ക് പോകാത്തവരുടെ എണ്ണം നിരവധിയാണ്. എല്ലാ മേഖലയിലും ഒഴിവുകള്‍ വന്നതോടെ കുടിയേറ്റക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയും വന്നു.