ഫ്യൂണറല്‍ പാര്‍ലര്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കൈമാറിയത് അന്യരുടെ ചിതാഭസ്മം!
മരണപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ കൈകാര്യം ചെയ്തതില്‍ ഫ്യൂണറല്‍ പാര്‍ലര്‍ നടത്തിയത് വന്‍വീഴ്ച എന്ന് റിപ്പോര്‍ട്ട്. ഫ്യൂണറല്‍ പാര്‍ലര്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കൈമാറിയത് അന്യരുടെ ചിതാഭസ്മം ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ഫ്യൂണറല്‍ പാര്‍ലറില്‍ റെയ്ഡ് നടത്തിയതോടെയാണ് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ചിതാഭസ്മം ആളുമാറി നല്‍കിയതായി കണ്ടെത്തിയത്.
ലെഗസി ഇന്‍ഡിപെന്‍ഡന്റ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സിനെ പ്രിയപ്പെട്ടവരുടെ മൃതദേഹം ഏല്‍പ്പിച്ച ബന്ധുക്കളാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളില്‍ ഞെട്ടലിലായത്. 34 മൃതദേഹങ്ങള്‍ നീക്കം ചെയ്‌തെന്ന സംഭവത്തിലാണ് പോലീസ് ഇവിടെ അന്വേഷണം നടത്തുന്നത്.
പോലീസിന്റെ ഹോട്ട്‌ലൈനില്‍ ഇതിനകം 350 കോളുകളാണ് ആശങ്ക അറിയിച്ച് ലഭിച്ചിരിക്കുന്നത്. പലരും തങ്ങള്‍ക്ക് ലഭിച്ച ചിതാഭസ്മം ആളുമാറിയാണ് കിട്ടിയതെന്നാന്നാണ് ഇപ്പോള്‍ ആശങ്ക ഉന്നയിക്കുന്നത്. ഒരു വ്യക്തി ചിതാഭസ്മം ഉപയോഗിച്ച് ആഭരണം തയ്യാറാക്കിയിരുന്നു. ഇവരെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്.
ഈ കമ്പനിയുമായി ഇടപാട് നടത്തിയവരെല്ലാം ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണെന്ന് ഒരാള്‍ മിററിനോട് പ്രതികരിച്ചു. തന്റെ പിതാവിന്റെ ചിതാഭസ്മമല്ല ലഭിച്ചതെന്ന അവസ്ഥ ഭയാനകമായി തോന്നുന്നുവെന്ന് ഒരു മകള്‍ പറയുന്നു. ഇപ്പോള്‍ പിതാവിന്റെ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ നടന്നുവോയെന്നാണ് ഇവരുടെ ആശങ്ക.
ഒരു മാസം മുന്‍പ് ചിതാഭസ്മം കൈമാറിയ കുടുംബത്തിന് ഇപ്പോള്‍ തങ്ങളുടെ പിതാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും കണ്ടെത്തിയ വാര്‍ത്തയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഹള്ളില്‍ പ്രവര്‍ത്തിക്കുന്ന ലെഗസി ബ്രാഞ്ചിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ആശങ്ക പടരുന്നത്.