ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ് തീയതി: ടോറി എംപിമാര്‍ക്കിടയില്‍ ഭിന്നത
ആസന്നമായ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ചര്‍ച്ചകള്‍ ചൂടുപിടിക്കവേ പൊതുതെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ഭരണകക്ഷിയില്‍ ഭിന്നത. മേയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ പ്രധാനമന്ത്രി റിഷി സുനാകിന് മുന്നറിയിപ്പ് നല്‍കി സീനിയര്‍ ടോറി എംപിമാര്‍ രംഗത്തുവന്നു. ടോറി ബാക്ക്‌ബെഞ്ചേഴ്‌സിന്റെ ശക്തമായ 1922 കമ്മിറ്റി എക്‌സിക്യൂട്ടീവുമായി സുനാക് ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ചര്‍ച്ച ഊര്‍ജ്ജിതമായത്.
മേയ് 2ന് തെരഞ്ഞെടുപ്പ് നടത്താന്‍ നം.10 സഹായികള്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ആശങ്ക. ഇക്കാര്യത്തില്‍ ഉന്നത നേതാക്കള്‍ പ്രധാനമന്ത്രിയില്‍ നിന്നും വിശദീകരണം ചോദിച്ചു. തെരഞ്ഞെടുപ്പ് നടത്താന്‍ തിരക്ക് കൂട്ടരുതെന്നും, ഓട്ടം സീസണ്‍ വരെ കാത്തിരിക്കാനുമാണ് നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്നാല്‍ മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം പൊതുതെരഞ്ഞെടുപ്പിനായി ഉപയോഗിച്ചാല്‍ ചില നഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഭരണപക്ഷ കമ്മിറ്റിയിലെ ഏതാനും എംപിമാരും ചൂണ്ടിക്കാണിച്ചു. നിലവില്‍ ടോറികള്‍ സര്‍വ്വെകളില്‍ ലേബറിനേക്കാള്‍ 20 പോയിന്റ് പിന്നിലാണ്.
രാഷ്ട്രീയത്തില്‍ ഏഴ് മാസം ഒരു വലിയ കാലയളവാണെന്ന് സീനിയര്‍ ടോറി സ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ട് യൂറോസ് വിജയിക്കുകയും, ഒളിംപിക്‌സില്‍ ടീം ജിപി നിരവധി സ്വര്‍ണ്ണം നേടുകയും ചെയ്താല്‍ അവസ്ഥ മാറിമറിയുമെന്ന് ഇദ്ദേഹം പറയുന്നു.
വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുമെന്ന തരത്തിലാണ് സുനാകും നിലപാട് എടുക്കുന്നത്. ഇതോടെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ഈ സമയത്ത് സാമ്പത്തിക മേഖല തിരിച്ചുവരവ് നടത്തിയാല്‍ ലേബറുമായുള്ള വ്യത്യാസം കുറയ്ക്കാമെന്നും കരുതുന്നു.
എംപിമാര്‍ മറുകണ്ടം ചാടിയാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന ഭീഷണിയാണ് റിഷി സുനാക് കഴിഞ ദിവസം മുഴക്കിയത്. 10 എംപിമാര്‍ റിഫോം പാര്‍ട്ടിയിലേക്ക് ചേക്കേറിയാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മടിക്കില്ല എന്നായിരുന്നു സുനാകിന്റെ ഭീഷണി.
ലീ ആന്‍ഡേഴ്‌സണ്‍ കൂറുമാറി മറുകണ്ടം ചാടിയതോടെയാണ് കൂടുതല്‍ എംപിമാര്‍ ഈ വഴി സ്വീകരിക്കുമെന്ന ആശങ്ക ഉയര്‍ന്നത്. ഇങ്ങനൊരു നീക്കം ഉണ്ടായാല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിക്കില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റിലെ ഉന്നത ബന്ധമുള്ള സ്രോതസ്സിനെ ഉദ്ധരിച്ച് സ്‌കൈ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1922 കമ്മിറ്റിയുടെ സ്പ്രിംഗ് റിസപ്ഷനില്‍ കണ്‍സര്‍വേറ്റീവ് എംപിമാരെ കണ്ടുമുട്ടിയ ശേഷമാണ് പ്രധാനമന്ത്രി ഈ ഭീഷണി മുഴക്കിയിരിക്കുന്നത്.