നാട്ടുവാര്‍ത്തകള്‍

ബോണ്ടുകളുടെ രൂപത്തില്‍ അണ്ണന്റെ മടങ്ങിവരവ്

'രാവണപ്രഭു'വില്‍ പോലീസ് ഓഫീസറായ സിദ്ധിഖിന്റെ ശ്രീനിവാസന്‍ എന്ന കഥാപത്രം മോഹന്‍ലാലിന്റെ കാര്‍ത്തികേയന്‍ എന്ന കഥാപാത്രത്തോട് ബിസിനസ് 'അണ്ടര്‍ വേള്‍ഡ്' ആണോയെന്ന് ചോദിക്കുമ്പോള്‍ ലാല്‍ കഥാപത്രം പറയുന്നത് 'അണ്ടര്‍ വേള്‍ഡ്' എന്നത് പഴയ പ്രയോഗം ആണ്, ഇപ്പോള്‍ അതാണ് 'വേള്‍ഡ്' എന്നാണ്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ നിയന്ത്രിക്കുന്നതും കൊണ്ട് നടക്കുന്നതും പഴയ 'അണ്ടര്‍ വേള്‍ഡ്' എന്ന് വിശേഷിപ്പിക്കുന്ന ഇപ്പോഴത്തെ 'വേള്‍ഡ്‌'കാരാണ്. പണമെറിഞ്ഞു പണം വാരുന്നവര്‍. പലപ്പോഴും മുഖമില്ലാതെ പ്രത്യക്ഷപ്പെടുന്നവര്‍. അത്തരക്കാരുടെ വലിയൊരു കൂട്ടമാണ് ഇപ്പോള്‍ ഇലക്ഷന്‍ ബോണ്ടു വിവാദത്തിലൂടെ പൊങ്ങിവരുന്നത്.

മലയാളികള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ കുപ്രസിദ്ധനായിരുന്ന 'ലോട്ടറി രാജാവ്' സാന്റിയോഗോ മാര്‍ട്ടിന്‍ അണ്ണന്‍ ഇലക്ഷന്‍ ബോണ്ടിലും ഞെട്ടിക്കുന്ന സാന്നിധ്യമായിരിക്കുകയാണ്. കേരളത്തിലെ സിപിഎമ്മിന്റെ നല്ലൊരു 'സഹകാരി'യായിരുന്ന അണ്ണന്‍ കേന്ദ്രത്തിലെ ബിജെപിയുടെയും കണ്ണിലുണ്ണിയാണ് എന്ന സത്യം പുറത്തുവരുകയാണ്.


അണ്ണന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് സര്‍വീസസാണ് ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങി സംഭാവന നല്‍കിയിരിക്കുന്നത്. 1368 കോടി രൂപയാണ് ബോണ്ടുകള്‍ വഴി അണ്ണന്റെ കമ്പനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയിരിക്കുന്നത്. അപ്പോള്‍ അണ്ണന്റെ വരവ് എത്രയായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

2019ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് സര്‍വീസസിന്റെ 250 കോടിയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. 2022ല്‍ സ്ഥാപനത്തിന്റെ 409 കോടിയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്കിടയില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി വാങ്ങിക്കൂട്ടിയത് 100 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് എങ്ങനെയുണ്ട്!


സിപിഎമ്മാണ് ഇലക്ടറല്‍ ബോണ്ടില്‍ തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതും ആരോപണങ്ങള്‍ ഉന്നയിച്ചതും. രാഷ്ട്രീയ അഴിമതിയെ ബിജെപി നിയമവിധേയമാക്കി മാറ്റിയയെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞത്. എന്നാല്‍ അതേ സിപിഎമ്മിന്റെ അടുത്ത ആളാണ് മാര്‍ട്ടിന്‍ എന്നതാണ് രസകരം. കേരളത്തിലെ നേതാക്കള്‍ക്ക് പണ്ട് മുതലേ അണ്ണനുമായി ഉള്ളത് 'ഭായ് ഭായ്' ബന്ധമാണ്. അത്രയ്ക്ക് ഫണ്ടിങ് അണ്ണന്‍ പല രീതിയിലും പാര്‍ട്ടിയ്ക്ക് നല്‍കിയിട്ടുണ്ട്. വിഭാഗീയത കത്തി നിന്ന സമയത്തു വി എസ് കണ്ണും പൂട്ടി എതിര്‍ത്ത അണ്ണനെ കൈവെള്ളയിലെടുത്തു നടന്നത് ഔദ്യോഗിക പക്ഷമാണ്. ഇ പി ജയരാജനെപ്പോലുള്ളവര്‍ അതിനു ചുക്കാന്‍ പിടിച്ചു.

ലോട്ടറി രാജാവ് കെട്ടുകെട്ടി എന്നൊക്കെ വിചാരിച്ച പാവം മലയാളികള്‍ക്ക് മുന്നിലേക്കാണ് സഹസ്ര കോടികളുടെ സംഭാവന നല്‍കുന്ന താരമായി മാര്‍ട്ടിന്‍ തിരിച്ചു വന്നിരിക്കുന്നത്. ചുരുക്കത്തില്‍ അണ്ണനൊക്കെ നിയന്ത്രിക്കുന്ന രാഷ്ട്രീയവും ഭരണവുമൊക്കെയേ ഈ രാജ്യത്തുള്ളൂ.


എങ്ങും തൊടാതെ എസ്‌ബിഐ സുപ്രീം കോടതിയ്ക്ക് നല്‍കിയ വിവരങ്ങള്‍ മഞ്ഞു മലയുടെ അഗ്രം മാത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചവയില്‍ ഒന്നാം ഭാഗത്തില്‍ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും വിവരങ്ങളാണുള്ളത്. 'അനിയന്‍ ബാവയും ചേട്ടന്‍ ബാവ'യുമായ അദാനി, റിലയന്‍സ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല എന്നതാണ് കൗതുകകരം. കമ്പനികള്‍ക്കുപുറമേ ഒട്ടേറെ വ്യക്തികളും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഈ വ്യക്തികള്‍ ആരെല്ലാമാണെന്നും ആര്‍ക്കുവേണ്ടിയാണ് വാങ്ങിയതെന്നുമറിയാനും ഏറെനാള്‍ കാത്തിരിക്കേണ്ടിവരും. കമ്പനികളില്‍ പലതും സ്വന്തം പേരിലായിരിക്കില്ല ബോണ്ട് വാങ്ങിയതെന്നും അതുകൊണ്ടുതന്നെ പേരുവിവരങ്ങള്‍ അറിഞ്ഞാല്‍പ്പോലും ഇക്കാര്യം കണ്ടെത്തുക പ്രയാസമാകുമെന്നും വിലയിരുത്തലുണ്ട്.

മേഘ എഞ്ചിനീയറിങ് ആvഡ് ഇന്‍ഫ്രാസ്‌ക്ചര്‍ ലിമിറ്റഡ് 980 കോടിയുടെ ബോണ്ടുകള്‍ വാങ്ങി. മേഘ എഞ്ചിനീയറിങെനിതിരെ ആദായ നികുതി വകുപ്പ് നടപടിയുണ്ടായിരുന്നു.


അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്ത വിവരങ്ങള്‍ നല്‍കി ഇലക്ടറല്‍ ബോണ്ട് കേസില്‍ തല്‍ക്കാലം തടിതപ്പാന്‍ നോക്കിയ എസ്ബിഐയ്ക്ക് മേലുള്ള പിടിമുറുക്കിയിട്ടുണ്ട് സുപ്രീം കോടതി. ആര്‍ക്ക് ആര് കൊടുത്തുവെന്ന് വ്യക്തമാക്കാത്ത രേഖയാണ് സുപ്രീം കോടതിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും എസ്ബിഐ നല്‍കിയതെങ്കിലും പണം നല്‍കിയ വമ്പന്‍മാരുടെ പേര് വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അതിനാല്‍ ഈ 'കൂട്ടുകൃഷി'യിലെ വിവരങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു നിന്ന് മുക്കാനാവും ശ്രമിക്കുക.

  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  • തദ്ദേശ പോരില്‍ യു‍ഡിഎഫിന് തരംഗം; ഇടതുമുന്നണിക്ക് ഷോക്ക്
  • നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്‌
  • പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല, ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
  • 'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; ദയ യാചിച്ചു നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍
  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions