നാട്ടുവാര്‍ത്തകള്‍

57 കേസുകളിലെ പ്രതി ജാമ്യം നേടി പുറത്തുവന്നു കൊലനടത്തി


മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി, പേരാമ്പ്രയിലെത്തി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടെ 57 കേസുകളിലെ പ്രതി! ജാമ്യം നേടി പുറത്തുവന്നാണ് കൊല നടത്തിയത് എന്നതാണ് നിയമ സംവിധാനത്തിന്റെ പരാജയം തുറന്നു കാണിക്കുന്നത്. പേരാമ്പ്ര വാളൂരിലെ കുറുങ്കുടി വാസുവിന്റെ മകള്‍ അംബിക (അനു-26) യാണു കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്‍ (49) ആണ് കൊടും ക്രിമിനല്‍ ആയിട്ടും ജാമ്യം നേടി വിലസിയത് . ഇയാള്‍ ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍നിന്ന് കണ്ടെടുത്തു. ബലാത്സംഗവും കൊലപാതകവും അടക്കം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്. മൂന്നുവര്‍ഷം മുമ്പ് കോഴിക്കോട് മുക്കത്ത് വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലും പ്രതിയാണ്.


സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് അനു വീട്ടില്‍നിന്നിറങ്ങിയത്. അടുത്ത ജങ്ഷനില്‍ കാത്തുനിന്നിരുന്ന ഭര്‍ത്താവിനടുത്തേക്കു വേഗം എത്താനുള്ള ശ്രമത്തിലായിരുന്നു അനു. അതിനിടെയാണു കണ്ണൂര്‍, മട്ടന്നൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ നൊച്ചാട് മേഖലയിലെ ഗ്രാമീണ റോഡിലൂടെ മുജീബ് എത്തിയത്.

വാഹനം ലഭിക്കാത്തതില്‍ അനു അസ്വസ്ഥതയായി ഫോണിലൂടെ സംസാരിക്കുന്നത് മുജീബ് റഹ്മാന്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് യുവതിയോട് തന്ത്രപരമായി സംസാരിച്ച് അടുത്ത ജങ്ഷനില്‍ ഭര്‍ത്താവിനരികെ ഇറക്കിവിടാമെന്നു പറഞ്ഞു ബൈക്കില്‍ കയറാന്‍ അഭ്യര്‍ഥിച്ചു. ആദ്യം മടിച്ച അനു പിന്നീട് ബൈക്കില്‍ കയറി യാത്ര തുടര്‍ന്നതായി ദൃക്‌സാക്ഷി മൊഴിയുണ്ട്.

യാത്രയ്ക്കിടെ വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്.എച്ച്.സിക്കു സമീപത്തെ അള്ളിയോറ താഴെ കൈത്തോടിന് സമീപമെത്തിയതോടെ, മൂത്രമൊഴിക്കണമെന്നറിയിച്ച് മുജീബ് ബൈക്ക് നിര്‍ത്തി. ഒപ്പമിറങ്ങിയ അനുവിന്റെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തള്ളിവീഴ്ത്തി. തലയടിച്ചു വീണ് ബോധം മറഞ്ഞ അനുവിനെ വെള്ളം കുറവുള്ള കൈത്തോട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തല ചെളിയില്‍ ചവിട്ടിത്താഴ്ത്തി. ബ്രേസ്‌ലെറ്റും പാദസരവും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം അതേ ബൈക്കില്‍ യാത്ര തുടര്‍ന്നു.
റോഡിന് ഇരുവശവും ജനവാസമേഖലയായിരുന്നെങ്കിലും സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. സമീപത്തെ സി.സി.ടിവി ക്യാമറയില്‍ പ്രതി ബൈക്കില്‍ വരുന്ന ദൃശ്യം പതിഞ്ഞിരുന്നു. ബൈക്കിന്റെ ഉടമയെ തേടിയുള്ള അന്വേഷണമാണു പ്രതിയെക്കുറിച്ചുള്ള സൂചനയിലേക്കും തുടര്‍ന്ന് അറസ്റ്റിലേക്കും നയിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതായത്. പിറ്റേന്നു രാവിലെ പതിനൊന്നോടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെ നൊച്ചാട് തോട്ടില്‍ മൃതദേഹം കണ്ടെത്തി. വേനലില്‍ വെള്ളംകുറഞ്ഞ തോട്ടില്‍ മുങ്ങിമരിക്കില്ലെന്ന് ഉറപ്പായതോടെയാണു കൊലപാതകസാധ്യത പോലീസ് പരിശോധിച്ചത്. അനുവിന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതും സംശയത്തിന് ആക്കം കൂട്ടി.

സംഭവശേഷം മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലെത്തിയ മുജീബ് റഹ്മാന്‍, സ്വര്‍ണാഭരണങ്ങള്‍ അയല്‍ക്കാരന്‍ കൂടിയായ സഹായി അബൂബക്കറിനെ ഏല്‍പ്പിച്ചു. ഇയാളുടെ സഹായത്തോടെ മലപ്പുറത്തെ സേട്ടുവിന് 1.7 ലക്ഷം രൂപയ്ക്കു വിറ്റു. ബൈക്ക് എടവണ്ണപ്പാറയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കൃത്യം നടത്തിയത് മുജീബാണെന്നു വ്യക്തമായതോടെ കൊണ്ടോട്ടിയിലെ ഇയാളുടെ വീട് പോലീസ് വളഞ്ഞു. പോലീസിനു നേരേ ആയുധങ്ങളുമായി ഇയാള്‍ ചാടിവീണു. മുജീബുമായുള്ള മല്‍പ്പിടിത്തത്തിനിടെ കുത്തേറ്റ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ ചികിത്സയിലാണ്. വരും ദിവസങ്ങളില്‍ മുജീബിനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തും.

ഇയാള്‍ കൊടുംക്രിമിനലാണെന്ന് കോടതിയെ അറിയിക്കുന്നതില്‍ പോലീസിനും പ്രോസിക്യൂഷനും നേരത്തെ വീഴ്ച സംഭവിച്ചിട്ടുണ്ട്. വയോധികയെ പീഡിപ്പിച്ച കേസിലെ അന്വേഷണം വൈകിയതുകൊണ്ടാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചതെന്നാണ് വിവരം. അനുവിന്റെ കൊലപാതകം പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയുടെ ഫലമാണ്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions