വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് വിസ ലഭിക്കുന്നതിനും അതുപോലെ ഫാമിലി വിസയ്ക്കും വേണ്ട ചുരുങ്ങിയ ശമ്പള പരിധി വര്‍ദ്ധിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രിട്ടീഷ് ഹോം ഓഫീസില്‍ വിസ അപേക്ഷകള്‍ കുമിഞ്ഞു കൂടുന്നു. നിയമപരമായ കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനായി, ബ്രിട്ടനിലേക്ക് വരുന്ന് തൊഴിലാളികള്‍ക്കും, കുടുംബങ്ങള്‍ക്കുമെല്ലാം ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
അതില്‍ ഒന്നായിരുന്നു സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ യു കെയില്‍ എത്തണമെങ്കില്‍ ആവശ്യമായ മിനിമം ശമ്പളം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കി വര്‍ദ്ധിപ്പിച്ചത്. വരുന്ന ഏപ്രില്‍ 4 മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. വീണ്ടും ഒരാഴ്ച്ച കൂടി കഴിയുമ്പോള്‍, ബ്രിട്ടനിലേക്ക് കുടുംബത്തെ കൂടെ കൊണ്ടു വരാന്‍ ആവശ്യമായ മിനിമം ശമ്പളത്തിന്റെ പരിധിയും ഉയരും.
ഏപ്രില്‍ 11 മുതല്‍ ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക്, വിദേശത്തുള്ള കുടുംബത്തെ കൂടെ കൂട്ടണമെങ്കില്‍ ചുരുങ്ങിയത് 29,000 പൗണ്ടെങ്കിലും ശമ്പളം ഉണ്ടായിരിക്കണം.. ഫാമിലി വിസയ്ക്കുള്ള നിലവിലെ ചുരുങ്ങിയ ശമ്പളം 18,600 പൗണ്ടാണ്. ഏറെ വൈകാതെ ഇത് ഇനിയും വര്‍ദ്ധിപ്പിച്ച് 34,500 ആക്കും. മാത്രമല്ല, 2025 ആകുമ്പോഴേക്കും ഫാമിലി വിസ ആവശ്യമെങ്കില്‍ ചുരുങ്ങിയത് 38,700 പൗണ്ട് ശമ്പളം ആവശ്യമായിവരും.
ഈ മാറ്റങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഓണ്‍ലൈനില്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ വന്ന ഒരു പരാതിയില്‍ 1,53,857 പേരായിരുന്നു ഒപ്പിട്ടത്. സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ച ത് മുതല്‍ തന്നെ ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ അതിനെതിരെ പരാതികള്‍ വന്നു തുടങ്ങിയിരുന്നതായി ചേഞ്ചിന്റെ വക്താവ് അറിയിച്ചു. ഇപ്പോള്‍ അത് കൂടുതല്‍ ശക്തമാവുകയാണ്.
ഇതില്‍ ഒപ്പിടുന്നവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു എന്നത് തന്നെ പുതിയ നിയമങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പ് എത്രമാത്രം ശകതമാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 2022-ല്‍ നെറ്റ് മൈഗ്രേഷന്‍ 7.45 ലക്ഷത്തില്‍ എത്തിയതോടെയാണ് കര്‍ശനമായി കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
യു കെയില്‍ കുടുംബവുമായി എത്തുന്ന ആര്‍ക്കും, സ്വന്തം കുടുംബത്തെ പരിപാലിക്കാന്‍ ഉള്ള കഴിവുണ്ടായിരിക്കണം എന്നത് കാലാകാലങ്ങളായി യു കെ പിന്തുടരുന്ന നയമാണെന്ന് സര്‍ക്കാര്‍ പറയുന്നു.