നാട്ടുവാര്‍ത്തകള്‍

സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടത്', ദിലീപിന്റെ വാദം കോടതി തള്ളി



നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന് തിരിച്ചടി. മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.


സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു അതിജീവിതയുടെ മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു.

അതേസമയം അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ മെയ് 30നായിരിക്കും വാദം കേള്‍ക്കുക.

അന്വേഷണ റിപ്പോര്‍ട്ടിന് ആധാരമായ മൊഴിപ്പകര്‍പ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും അതിജീവിത നല്‍കിയിരുന്നു. രണ്ട് ഹര്‍ജികളും കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ ഓഫീസറും കോടതി ജീവനക്കാരുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നാണ് ഹണി എം വര്‍ഗീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിമര്‍ശനമുണ്ട്.


ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് 2018 ജനുവരി 9ന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദ് പരിശോധിച്ചിരുന്നു. 2018 ഡിസംബര്‍ 13ന് ജില്ല സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് മോഹനനും പരിശോധിച്ചിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാല്‍ ഈ രണ്ട് പരിശോധനകളിലും തെറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2021 ജൂലൈ 19ന് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്താര്‍ താജുദ്ദീന്‍ പരിശോധിച്ചിരുന്നു. വിവോ ഫോണ്‍ ഉപയോഗിച്ച് നടത്തിയ ഈ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions