യുകെ വാടക വിപണിയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 9.2 ശതമാനത്തിന്റെ റെക്കോര്‍ഡ് നിരക്ക് വര്‍ധന. ഉണ്ടായതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ. 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശതമാന വളര്‍ച്ചയാണ് ഇതെങ്കിലും റെന്റല്‍ ഇന്‍ഫ്‌ളേഷന്‍ കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
വാടകക്കാര്‍ക്ക് നിരക്കുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഈ ഇടിവ് തുടങ്ങുന്നത്. സ്‌കോട്ട്‌ലണ്ടിലാണ് ഏറ്റവും പ്രധാനപ്പെട്ട വര്‍ധന നേരിട്ടത്. ശരാശരി 10.5% വര്‍ധന, അതായത് പ്രതിമാസം 947 പൗണ്ട് വീതമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടില്‍ ശരാശരി പ്രതിമാസ വാടകയില്‍ 9.1% വളര്‍ച്ച രേഖപ്പെടുത്തി 1285 പൗണ്ടിലേക്കും വര്‍ധിച്ചു.
വെയില്‍സില്‍ റെന്റല്‍ വര്‍ധന 9 ശതമാനത്തിലാണ്, ഇതോടെ പ്രതിമാസം 727 പൗണ്ടെന്ന നിലയിലാണ് വാടകകള്‍. ഉയര്‍ന്ന വാടക തുടരുന്ന ലണ്ടനിലാണ് പ്രധാനപ്പെട്ട കുതിച്ചുചാട്ടം നേരിട്ടത്. കഴിഞ്ഞ വര്‍ഷം 11.2% വര്‍ധനവാണ് ഇവിടെ സംഭവിച്ചത്. ഇംഗ്ലണ്ട് നോര്‍ത്ത് ഈസ്റ്റിലാണ് നേരിയ ആശ്വാസമുള്ളത്, ഇവിടെ 6.1% വര്‍ധനവാണുള്ളത്.
എന്നാല്‍ ഉയര്‍ന്ന വാടക നല്‍കാനുള്ള വാടകക്കാരുടെ ശേഷി പരിധി കടക്കുന്നതോടെ നാടകീയമായ നിരക്ക് വര്‍ധനവുകള്‍ക്ക് അവസാനമാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ശമ്പളത്തിനും, താങ്ങാന്‍ കഴിയുന്ന നിരക്കിനും ആനുപാതികമായി വാടക നിരക്കുകള്‍ മാറുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
വാടകനിരക്കിലെ ചെലവ് മലയാളികളടക്കമുള്ള കുടിയേറ്റ ജനതയ്ക്കു വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. പലിശ നിരക്ക് കൂടിയ നിലയില്‍ തുടരുന്നതോടെ സ്വന്തമായി വീട് എന്ന സ്വപ്‌നവും നടക്കാത്ത സ്ഥിതിയാണ്.