യുകെയിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തി. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. എന്നാല്‍ അതിനിടെ വെല്ലുവിളിയായി മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധനയുണ്ട്. ഒരു വര്‍ഷത്തിന് മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടലായ സൂപ്ല വ്യക്തമാക്കുന്നത്.
വിപണിയിലേക്ക് വീടുകള്‍ ഒഴുകുന്നതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി സൂപ്ല പറയുന്നു. 2022 വര്‍ഷത്തില്‍ ലഭ്യമായതിന്റെ ഇരട്ടി വീടുകളാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കായി വെച്ചിട്ടുള്ളത്. അതേസമയം, കൂടുതല്‍ വീടുകള്‍ വിപണിയിലേക്ക് എത്തുമ്പോഴും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങിയത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നീട്ടിവയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ്.
ഡിമാന്‍ഡിനെ മറികടന്ന് വീടുകളുടെ സപ്ലൈ വര്‍ദ്ധിക്കുന്നതോടെ ചില മേഖലകളില്‍ വില കുറയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 'കുറയുന്ന പലിശ നിരക്കുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നില്ല, എന്നാല്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അനുഗ്രഹമാകുന്നു. വീട് വാങ്ങാന്‍ മോഹിക്കുന്നവരെ സംബന്ധിച്ച് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ വീടുകള്‍ ലഭ്യമാണ്', എസ്‌റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു.
വര്‍ഷത്തിന്റെ തുടക്കത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാതെ വീട് വില കുറയാന്‍ പോകുന്നില്ലെന്നായിരുന്നു അനുമാനം. എന്നാല്‍ ഫെബ്രുവരി മുതല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങി. പലിശ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിച്ചതിലും കാലതാമസം നേരിടുമെന്നാണ് സാമ്പത്തിക വിപണികളുടെ നിലപാട്.
മാത്രമല്ല, മോര്‍ട്ട്‌ഗേജിന് ആവശ്യക്കാരേറിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ വായ്പാ ദാതാക്കള്‍. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, നാറ്റ്വെസ്റ്റ് എന്നീ ബാങ്കുകളാണ് ഇപ്പോള്‍ ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ചര്‍ച്ചാ വിഷയമായിരുന്നു. പലിശ നിരക്ക് അടുത്ത തവണ എപ്പോള്‍ കുറയ്ക്കും എന്നതായിരുന്നു പരിഗണനാവിഷയം. ഇതില്‍ അഭിപ്രായങ്ങള്‍ മാറി മാറി വരികയായിരുന്നു. എന്നാല്‍, ഉടനെയൊന്നും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആലോചിക്കുന്നില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വായ്പാ ദാതാക്കള്‍ പലിശ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ഏഴ് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബാര്‍ക്ലേസ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. വിവിധ മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ 0.1 ശതമാനമാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, നിലവിലുള്ള ഉപഭോക്താക്കള്‍ക്കായുള്ള അഞ്ചു വര്‍ഷത്തെ സ്വിച്ചര്‍ ഡീലുകളില്‍ 0.1 ശതമാനം പലിശ വര്‍ദ്ധിപ്പിക്കുമെന്ന് നാറ്റ് വെസ്റ്റും പ്രഖ്യാപിച്ചു. ചില ഡീലുകളിലെ പലിശ നിരക്ക് ഇന്ന് വര്‍ദ്ധിപ്പിക്കും എന്നാണ് എച്ച് എസ് ബി സി അറിയിച്ചിറിക്കുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടില്ല.
അതിനോടൊപ്പം ബില്‍ഡിംഗ് സൊസൈറ്റികളും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ചില ഫിക്സ്ഡ് റേറ്റ് ഡീലുകളില്‍ പലിശ നിരക്ക് 0.2 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി പ്രഖ്യാപിച്ചു. ഇത് നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതുതായി മോര്‍ട്ട്‌ഗേജ് എടുക്കുന്നവര്‍ക്കും ബാധകമായിരിക്കും. അതേസമയം ചില ഫിക്സ്ഡ് ഡീലുകളില്‍ 0.41 ശതമാനം വരെയാണ് കോഓപ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മറ്റു ചിലതില്‍ 0.07 ശതമാനം വരെ ഇളവും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്ന മണിഫാക്ട്‌സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് മോര്‍ട്ട്‌ഗേജിലെ ശരാശരി പലിശ നിരക്ക് 5.82 ശതമാനവും അഞ്ചു വര്‍ഷത്തിന്റേത് ശരാശരി 5.40 ശതമാനവുമാണ്. ചെറിയ തുക മോര്‍ട്ട്‌ഗേജ് ഉള്ളവരെ 0.1 ശതമാനത്തിന്റെ വര്‍ദ്ധനവ് കാര്യമായി ബാധിക്കില്ലെന്ന് ഇ എച്ച് എഫ് മോര്‍ട്ട്‌ഗേജസിലെ ബ്രോക്കര്‍ ജസ്റ്റിന്‍ മോയ് പറയുന്നു. എന്നാല്‍, 3 ലക്ഷത്തിലധിക പൗണ്ട് മോര്‍ട്ട്‌ഗേജ് ഉള്ളവര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക.