റെയില്‍വേ സംവിധാനം പൂര്‍ണമായി ദേശസാത്കരിക്കുമെന്ന് ലേബര്‍; ട്രെയിന്‍ യാത്ര ചെലവ് കുറയ്ക്കും
അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ റെയില്‍വേയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ലേബര്‍ പാര്‍ട്ടി. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റെയില്‍വേ സംവിധാനം പൂര്‍ണ്ണമായും ദേശസാത്കരിക്കുമെന്നുള്ളതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ ചിലവുകള്‍ കുറയുമെന്നും ടിക്കറ്റ് ചീപ്പാക്കുമെന്നും പ്രഖ്യാപിത നയമാണ്.
സ്വകാര്യ കമ്പനികളുടെ നിലവിലുള്ള കോണ്‍ട്രാക്ട് തീരുന്ന മുറയ്ക്ക് എല്ലാ പാസഞ്ചര്‍ റെയില്‍വേകളും ഗ്രേറ്റ് ബ്രിട്ടീഷ് റെയില്‍വേയും ഉടമസ്ഥതയില്‍ കൊണ്ടുവരാനാണ് ലേബര്‍ പാര്‍ട്ടിയുടെ പദ്ധതി. റെയില്‍വേയുടെ നടത്തിപ്പ് സൂക്ഷ്മമായി പരിശോധിക്കാന്‍ പാസഞ്ചര്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി രൂപവല്‍ക്കരിക്കാനും പദ്ധതിയുണ്ട് . കുറഞ്ഞ ടിക്കറ്റ് നിരക്കിനൊപ്പം ട്രെയിന്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ പണം തിരിച്ചു കിട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ നടപടി ഉണ്ടാകുമെന്ന് പാര്‍ട്ടി അറിയിച്ചു.
റെയില്‍വേയുടെ നവീകരണത്തിന്റെ ഭാഗമായി ലേബര്‍ പാര്‍ട്ടി നടത്തിയ വാഗ്ദാനങ്ങള്‍ വന്‍ ജന സ്വീകാര്യത നേടുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ട്രെയിനുകള്‍ റദ്ദാക്കുകയും ട്രെയിന്‍ യാത്രയില്‍ ഇന്റര്‍നെറ്റിന്റെ അഭാവം മൂലം ജോലി ചെയ്യാന്‍ സാധിക്കാത്തതിന്റെ പേരിലും ഒട്ടേറെ പേരാണ് നിലവിലെ സംവിധാനത്തിനെതിരെ പരാതികള്‍ ഉന്നയിക്കുന്നത്.