വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് യുകെ യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹഡ്ഡേഴ്സ്ഫീല്‍ഡില്‍ 200 ഓളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി കോഴ്സുകളും നിര്‍ത്തലാക്കും. വിദ്യാഭ്യാസ മേഖല ഒരു സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി യൂണിവേഴ്സിറ്റിക്ക് ഉറപ്പാക്കാനായിട്ടാണ് ഇത്തരമൊരു നാടപടിയെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടായിരിക്കുനതെന്ന് പറഞ്ഞ യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് യൂണിയനി (യു സി യു) ലെ ഗാരി അലന്‍, ഇത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, ആരോഗ്യവും സാമൂഹ്യ സുരക്ഷയും എന്നിവയുള്‍പ്പടെ 12 കോഴ്സുകള്‍ നിര്‍ത്തലാക്കേണ്ടി വരും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബജറ്റില്‍ കുറവ് അനുഭവപ്പെട്ടു എന്ന് യൂണിവേഴ്സിറ്റി പറയുന്നു.
സര്‍ക്കാരിന്റെ പുതിയ വിസ നിയന്ത്രണങ്ങള്‍ മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ ഇത് കൂടുതല്‍ ഗുരുതരമാവുകയാണെന്നും യൂണിവേഴ്സിറ്റി പറയുന്നു. 2012 മുതല്‍ യു കെ അണ്ടര്‍ഗ്രാഡ്വേറ്റ് കോഴ്സുകളുടെ ട്യൂഷന്‍ ഫീസില്‍ വരുത്തിയ വര്‍ദ്ധന വെറും 2.8 ശതമാനമാണെന്ന് യൂണിവേഴ്സിറ്റി വക്താവ് ചൂണ്ടിക്കാണിച്ചു. 9000 പൗണ്ട് ഉണ്ടായിരുന്നത്, 9250 പൗണ്ട് ആക്കി ഉയര്‍ത്തി.
അതേസമയം, പണപ്പെരുപ്പം മൂലമുള്ള അധിക ചെലവുകളില്‍ ഉണ്ടായ വര്‍ദ്ധനവ് 50 ശതമാനത്തില്‍ അധികം വരും. ഇത് യൂണിവേഴ്സിറ്റി മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും വക്താവ് പറഞ്ഞു.