റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ മരിച്ച സംഭവം; മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍
സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ജയില്‍ ശിക്ഷ. 2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഇടിച്ചാണ് ആന്‍ഡ്രൂ ഫോറെസ്റ്റിര്‍ (75) എന്നയാള്‍ മരിച്ച സംഭവത്തില്‍ 27 കാരനായ ഷാരോണ്‍ എബ്രഹാം ആണ് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്നു ആന്‍ഡ്രൂ. സീബ്ര ലൈനിലൂടെ സഞ്ചരിക്കുമ്പോഴാണ് ഷാരോണ്‍ ഓടിച്ച വാഹനം പ്രൊഫസറെ ഇടിച്ചത്.
ആറ് വര്‍ഷത്തെ തടവിനു പുറമെ എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്നുമുള്ള വിലക്കുമാണ് ലൂയിസ് ക്രൗണ്‍ കോടതി ഷാരോണിന് വിധിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷാരോണിന്റെ തലവര മാറ്റിയെഴുതിയ അപകടം നടന്നത് .
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ ഭാഗത്തു നിന്ന് വന്ന പിഴവുകള്‍ ഒന്നൊന്നായി കോടതിയില്‍ തെളിയിക്കപ്പെടുകയായിരുന്നു. മണിക്കൂറില്‍ 30 മൈല്‍ വേഗതയില്‍ ഡ്രൈവ് ചെയ്യേണ്ട സ്ഥലങ്ങളില്‍ ഷാരോണ്‍ 45 മൈലിനും 52 മൈലിനും ഇടയില്‍ ഡ്രൈവ് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. അതു മാത്രമല്ല അപകടം നടന്ന സമയത്ത് കാറിന്റെ വേഗത മണിക്കൂറില്‍ 52 മൈല്‍ ( 83.6 കിലോമീറ്റര്‍) ആയിരുന്നു.
അപകടമുണ്ടാകാനുള്ള സാഹചര്യം ഉണ്ടായിട്ടും അവസാനത്തെ ഒന്നോ രണ്ടോ സെക്കന്‍ഡ് മാത്രമാണ് ഇയാള്‍ ബ്രേക്ക് ഇട്ടതെന്നും പോലീസ് കോടതിയില്‍ തെളിയിച്ചിരുന്നു. 9 വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസില്‍ ഷാരോണ്‍ കുറ്റസമ്മതം നടത്തിയതു കൊണ്ടാണ് ശിക്ഷ ആറ് വര്‍ഷമായി കുറഞ്ഞത്.