തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ടു ചെയ്യാനെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പോളിങ് ഓഫിസര്‍ തിരിച്ചയച്ചു. മാപ്പു പറഞ്ഞ ബോറിസ് പിന്നീട് തിരിച്ചറിയല്‍ രേഖയുമായി മടങ്ങിയെത്തി വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ ഇന്ത്യയില്‍ സ്വപ്‍നം കാണാന്‍ പറ്റുമോ? ലോകമറിയുന്ന ആളായിട്ടും നിയമത്തില്‍ ഇളവു നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. ഇളവിനായി തര്‍ക്കിക്കാന്‍ ബോറിസും മുതിര്‍ന്നില്ല.
പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടുചെയ്യുന്നവര്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ ഹാജരാക്കിയിരിക്കണമെന്ന പുതിയ ഇലക്ഷന്‍ ആക്ട് പാസാക്കിയത് 2022ലെ ബോറിസ് സര്‍ക്കാരാണ്. പാസ്പോര്‍ട്ട്, ബി.ആര്‍.പി. കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി 22 തരം തിരിച്ചറിയല്‍ രേഖകളാണ് ഇതിനായി ഉപയോഗിക്കാവുന്നത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ബോറിസിന്റെ വക്താവ് തയാറായില്ല. ബോറിസ് കണ്‍സര്‍വേറ്റീവിന് വോട്ടുചെയ്തു എന്നു മാത്രമാണ് ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ ഓഫിസിന്റെ ഔദ്യോഗിക പ്രതികരണം, ബോറിസിനെപ്പോലെ തന്നെ മറ്റൊരു കണ്‍സര്‍വേറ്റീവ് എംപി ടോം ഹണ്ടും സമാനമായ രീതിയില്‍ തിരിച്ചറിയല്‍ രേഖ മറന്ന് പോളിങ് ബൂത്തിലെത്തി. ഇദ്ദേഹം പിന്നീട് തനിയ്ക്കായി വോട്ടുചെയ്യാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തി (പ്രോക്സി വോട്ട്) മടങ്ങി.
മുന്‍പ് നിലവിലെ പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറിന്റെ പിന്‍സീറ്റില്‍ യാത്രചെയ്തതിന് പിടിയിലായി പിഴയടച്ച സംഭവം യുകെയിലുണ്ടായിരുന്നു. ഇവിടെ ആരും നിയമത്തിനു അതീതരല്ലെന്നു വ്യക്തമാക്കുകയാണ്.